
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ (നാഫിസ്) സമയപരിധി ജൂൺ 30ൽനിന്ന് ജൂലൈ 7 വരെ നീട്ടി. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ വന്നതിനാലാണ് ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. പുതുക്കിയ തീയതി അനുസരിച്ച് അർധവാർഷിക സ്വദേശിവൽക്കരണ അനുപാതമായ ഒരു ശതമാനം ജൂലൈ 7നകം പൂർത്തിയാക്കണം.
സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് ജൂലൈ 8ന് ആളൊന്നിന് (ഒരു സ്വദേശിക്ക്) 42,000 ദിർഹം (6×7000) വീതം പിഴ ഈടാക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 5 വർഷത്തിനകം 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടത്തണമെന്നാണ് നിയമം.
6 മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം (ജൂലൈ, ഡിസംബർ) പൂർത്തിയാക്കണമെന്നാണ് നിർദേശം. 2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം 5 വർഷത്തിനകം സ്വകാര്യമേഖലാ സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആക്കി ഉയർത്തും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ ഒരു സ്വദേശിക്ക് മാസത്തിൽ 7000 ദിർഹം എന്ന തോതിൽ വർഷത്തിൽ 72,000 ദിർഹം പിഴ അടയ്ക്കണം.
2 സ്വദേശികളെ നിയമിക്കാത്തവർ ഇരട്ടി തുക അടയ്ക്കണം. ഇതേസമയം നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പെടെ വൻ ആനുകൂല്യങ്ങളും നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല