സ്വന്തം ലേഖകന്‍: അപൂര്‍വ ബഹുമതി നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ യുഎഇ; മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് അവധി; മാര്‍പാപ്പായോടൊപ്പം കുര്‍ബാന അര്‍പ്പിക്കാന്‍ മലയാളി വൈദികനും. ഞായറാഴ്ച അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്കെല്ലാം യുഎഇ അവധി നല്‍കി.
അബുദാബി സഈദ് സ്‌പോര്‍ട്‌സ് സെന്ററില്‍ ചൊവാഴ്ച രാവിലെ നടക്കുന്ന മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പെര്‍മിറ്റ് ലഭിച്ച രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചതായി മനുഷ്യ വിഭവശേഷിക്കും എമിററ്റൈസേഷനുമായുള്ള മന്ത്രാലയം അറിയിച്ചു.
വിദേശരാഷ്ട്ര തലവന്‍മാരുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അവധി നല്‍കുന്ന പതിവ് യുഎഇയില്‍ ഇല്ല. ദിവ്യബലിക്കായി സ്‌പോര്‍സ് സെന്ററിലേക്കു പോകുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു സൗജന്യ യാത്രാസൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കാനാണ് ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പത്തു ലക്ഷത്തോളം വിശ്വാസികളുള്ള ഗള്‍ഫ് മേഖലയില്‍ 1,35,000 പേര്‍ക്കാണു ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സൗജന്യ പാസ് ലഭിച്ചത്.
യുഎഇ കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ ക്ഷണം സ്വീകരിച്ചാണ് കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിനെത്തുന്നത്.
കുട്ടനാട്ടുകാരനായ ഫാ.ജോബി കരിക്കംപള്ളില്‍ ഒഎഫ്എം കപ്പുച്ചിന്‍ മാര്‍പാപ്പായോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയാണ് ഫാ. ജോബി. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം അബുദാബിയില്‍ എത്തിയത്.അതിനു മുന്പ് മസ്‌കറ്റിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തോലിക്കാ പള്ളിയിലാ!യിരുന്നു ശുശ്രൂഷ.
മൂന്നിന് അബുദാബിയില്‍ എത്തുന്ന മാര്‍പാപ്പ അഞ്ചിനു ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 9.15നു (ഇന്ത്യന്‍ സമയം രാവിലെ 10.45) കത്തീഡ്രല്‍ സന്ദര്‍ശിക്കും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയിലാണ് ഫാ.ജോബി സഹകാര്‍മികനാകുന്നത്. ഉച്ചയ്ക്ക് 12.40നു അബുദാബി പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ നിന്നു മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല