1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വാദികൾ, താഴ്‌വാരങ്ങൾ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും പറഞ്ഞു. വെള്ളക്കെട്ടിനു സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്കു മാറണം. കഴിഞ്ഞ ആഴ്ചകളിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഇടിയോടുകൂടിയ മഴയും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി. മഴ പെയ്തതോടെ അന്തരീക്ഷ താപനില കുറഞ്ഞു.

ഇന്നു മുതൽ വ്യാഴാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളും പടിഞ്ഞാറൻ മേഖലകളിലും അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റു വീശുന്നതിനാൽ അന്തരീക്ഷത്തിൽ പൊടിപിടലങ്ങൾ നിറയും. പകൽ താപനില ശരാശരി 30–35 ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രി കാലങ്ങളിൽ തണുപ്പു കൂടും.

അബുദാബി, ദുബായ് എമിറേറ്റുകളിൽ നിന്ന് മഴ വടക്കൻ എമിറേറ്റുകളിലേക്കും നീങ്ങും. മഴ ശക്തമായാൽ, ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അനുമതി നൽകിയിരുന്നു. അസ്ഥിര കാലാവസ്ഥയിൽ അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാൻ സ്വകാര്യ കമ്പനികൾക്കും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി.

മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബി എമിറേറ്റിലെ റോ‍ഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മി ആയി കുറയുമെന്നും ഓർമിപ്പിച്ചു. മഴയുള്ള സമയങ്ങളിൽ ദൃശ്യപരിധി കുറയുന്നതിനാൽ റോ‍ഡിലെ ഡിജിറ്റൽ ബോർഡിൽ തെളിയുന്ന വേഗത്തിലേ വാഹനമോടിക്കാവൂ. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ഒഴികെ ഹസാഡ് ലൈറ്റ് ഇടാതിരിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

മഴയത്ത് തെന്നിനീങ്ങാൻ സാധ്യതയുള്ളതിനാൽ വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനം ഓടിക്കണമെന്ന് അബുദാബി പൊലീസ്. മഴ, മൂടൽ മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കാൻ പൊലീസ് എസ്എംഎസ് സന്ദേശം അയയ്ക്കും. റോഡിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും സമൂഹമാധ്യമങ്ങളിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ലഭിക്കുന്ന മുന്നറിയിപ്പു പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.