സ്വന്തം ലേഖകൻ: യുഎഇയിലെ ചില സ്ഥലങ്ങളിൽ ഇന്നും മഴ പെയ്തു. പലയിടത്തും ആകാശം മേഘാവൃതമാണ്. താപനില 20° സെൽഷ്യസിലും താണു. മസാഫിയിലും കൽബയിലും മഴ പെയ്തതായും റിപ്പോർട്ടുണ്ട്. കൽബയിലെ ഒരു റോഡിൽ കുളങ്ങളും ചെറിയ നീരൊഴുക്കുകളും പ്രത്യക്ഷപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുഎഇയുടെ കിഴക്കൻ, തെക്ക് ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴയ്ക്കു സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടുത്തവേനലിനിടെ അൽ ഐൻ, റാസൽ ഖൈമയുൾപ്പെടെ യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ മഴ പെയ്തിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ റിപ്പോർട്ട്. വാഹനമോടിക്കുന്നവരോടു വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അബുദാബി പൊലീസ് നിർദേശം നൽകി.
ബുധനാഴ്ച മുതൽ താപനില ക്രമാതീതമായി ഉയരും. വേനൽക്കാലത്ത് യുഎഇയിൽ ആഴ്ചയിൽ മൂന്നു ദിവസം വരെ മഴ ലഭിക്കുമെന്ന് എൻസിഎം നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം അനുഭവപ്പെടുന്നതിനാൽ രാജ്യത്തു വേനൽമഴ അസാധാരണമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കൂടാതെ, മഴ വർധിപ്പിക്കാൻ രാജ്യം ക്ലൗഡ് സീഡിങ്ങും ഉപയോഗിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല