സ്വന്തം ലേഖകന്‍: ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം. അബുദാബിക്കു പുറമെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. അടുത്ത കാലത്ത് ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് കിഴക്ക് രൂപപ്പെട്ട ന്യൂനമര്‍ദമാണ് മേഖലയില്‍ അസാധാരണമായ മഴക്ക് ഇടയാക്കിയത്. മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പര്‍വത പ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ജബല്‍ അലി, അല്‍ മക്തൂം വിമാനത്താവളം എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജബല്‍ അലി മേഖലയില്‍ മഴയെത്തുടര്‍ന്ന് ദൂരക്കാഴ്ച പൂജ്യത്തിലേക്ക് താഴ്ന്നു. മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ പോലീസും അഭ്യര്‍ഥിച്ചു. അബുദാബി നഗരം, ഖലീഫ സിറ്റി, മസ്ദര്‍ സിറ്റി എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.
ശക്തമായ മഴയിലും കൊടുങ്കാറ്റിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൊടുങ്കാറ്റില്‍ അബുദാബി, മുസഫ്ഫ, അല്‍ ഐന്‍ എന്നീ ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ ഗ്ലാസ് ഭിത്തികളും പരസ്യ ബോര്‍ഡുകളും ഇളകിവീണു. ട്രാഫിക് ലൈറ്റ് സംവിധാനം ചിലയിടങ്ങളില്‍ നിശ്ചലമായി.
നഗരവാസികള്‍ വീട് വിട്ടിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കനത്ത മഴ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അബുദാബിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെ അല്‍ ഐന്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടികയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല