സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതരുടെ ആയുധക്കരുത്തിനു പിന്നില്‍ ഇറാന്‍; തെളിവുകള്‍ പുറത്തുവിട്ട് യുഎഇ. യുഎഇ സേനയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമാണ് ഹൂതി വിമതരില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇവ ഇറാനുമായി നേരിട്ടു ബന്ധപ്പെടുത്താവുന്ന തെളിവുകളാണെന്ന് യുഎന്‍ ഏജന്‍സികളും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
യെമനില്‍ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. സേനയാണ് ഹൂതി വിമതരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. സഖ്യസേനയുടെ യെമനിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതിനോടകം 30,000 കുഴിബോംബുകളാണ് കണ്ടെത്തി നിര്‍വീര്യമാക്കിയതെന്ന് സേന വക്താവ് വ്യക്തമാക്കി. ഹൂതി ഭീകരര്‍ക്ക് ഇറാന്‍ നല്‍കുന്ന വഴിവിട്ട സേവനം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലേര്‍പ്പെടുത്തിയ ചട്ടലംഘനമാണെന്ന് വ്യക്തമായതായും യു.എ.ഇ. സേന അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലെയും യു.എസില്‍ നിന്നുമുള്ള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ യു.എ.ഇ. സേന കണ്ടെടുത്ത ആളില്ലാ ചെറുവിമാനങ്ങള്‍, ആന്റി ടാങ്ക് മിസൈലുകള്‍, റോക്കറ്റ്, ഡ്രോണുകള്‍, കുഴിബോംബുകള്‍ തുടങ്ങിയവയെല്ലാം ഇറാനില്‍ നിന്നുതന്നെ വന്നതാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. യെമനിലെ ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന ഹൂതി ശ്രമങ്ങള്‍ക്കെതിരേ പോരാട്ടം തുടരുമെന്നും സേനാ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല