സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വില 2014 ഡിസംബറിനു ശേഷമുള്ള ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ തിക്കും തിരക്കും. 0.9 ശതനാനമാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. 62.9175 രൂപക്ക് ഒരു ഡോളര്‍ എന്നതാണ് തിങ്കളാഴ്ചത്തെ കൈമാറ്റ നിരക്ക്.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു ദിര്‍ഹത്തിന് 17 ഇന്ത്യന്‍ രൂപയെന്നതായിരുന്നു ഇന്നു രാവിലെ ദുബായിലെ മണി എക്‌സ്‌ചേഞ്ചുകളിലെ നിരക്ക്. രാവിലെ മുതല്‍ നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ തിരക്കാണ് മിക്കവാറും എല്ലാ എക്‌സ്‌ചേഞ്ചുകളിലും.
രൂപയുടെ വിലയിടിവ് മുതലാക്കി പണം അയക്കാന്‍ എത്തുന്നവരില്‍ അധികവും സാധാരണക്കാരാണ്. സമ്പന്നരായ പ്രവാസികള്‍ രൂപയുടെ വിലയിടിവിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന വ്യക്തമാകുന്നതേയുള്ളുവെന്ന് എക്‌സ്പ്രസ് മണിയുടെ പ്രതിനിധി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
നാട്ടിലേക്ക് എല്ലാ മാസവും കൃത്യമായി പണം അയക്കുന്നത് യുഎഇയിലെ നിര്‍മ്മാണ മേഖലയിലും മറ്റും വിദഗ്ദ, അവിദഗ്ദ തൊഴില്‍ ചെയ്യുന്ന സാധാരണ തൊഴിലാളികളാണ്. ഉയര്‍ന്ന വേതനം പറ്റുന്ന വൈറ്റ് കോളര്‍ ജോലിക്കാരില്‍ മാസാടിസ്ഥാനത്തില്‍ പണം അയക്കുന്നവര്‍ കുറവാണ്.
ഈ വിഭാഗക്കാര്‍ രൂപയുടെ മൂല്യം കൂടുതല്‍ കുറയുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി തങ്ങള്‍ക്ക് രൂപയുടെ ചാഞ്ചാട്ടത്തെ സംബന്ധിച്ച ധാരാളം അന്വേഷണങ്ങള്‍ വരുന്നതായി എക്‌സ്‌ചേഞ്ചുകാരും സമ്മതിക്കുന്നു. രൂപ ഏതുവരെ പോകുമെന്നാണ് മിക്കവര്‍ക്കും അറിയേണ്ടത്.
ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2014 ല്‍ പ്രവാസികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. 70 ബില്യണ്‍ ഡോളറാണ് 2014 ല്‍ മാത്രം ലോകമെങ്ങുമുള്ള പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല