സ്വന്തം ലേഖകൻ: യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നാളെ മുതൽ നിലവിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയുടെ ജീവനക്കാർക്കായിരിക്കും റിമോട്ട് വർക്ക് വീസ ലഭിക്കുക. സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷ കാലാവധിയുള്ള വീസ, തുല്യ കാലയളവിലേക്കു പുതുക്കാം.
കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. യുഎഇക്ക് പുറത്തുള്ള കമ്പനിയുടെ വിദൂര പ്രതിനിധി എന്നതിന്റെ തെളിവ്, യുഎഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ്, കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയാണ് വേണ്ടത്.
അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ താമസിച്ച് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (https://icp.gov.ae) വെബ്സൈറ്റിലും ദുബായിലാണെങ്കിൽ www.visitdubai.com വെബ്സൈറ്റിലുമാണ് അപേക്ഷിക്കേണ്ടത്.
60 ദിവസത്തേക്കുള്ള എൻട്രി പെർമിറ്റ് ലഭിച്ച് യുഎഇയിലെത്തി ശേഷിച്ച നടപടികൾ പൂർത്തിയാക്കിയാൽ റിമോർട്ട് വർക്ക് വീസ ലഭിക്കും. 300 ദിർഹമാണ് ഫീസ്.
പ്രതിമാസം കുറഞ്ഞത് 5000 ഡോളർ ശമ്പളമുള്ള ഒരു വർഷ കാലാവധിയുള്ള തൊഴിൽ കരാർ, പേ സ്ലിപ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ നിർബന്ധം. കമ്പനി ഉടമയാണെങ്കിൽ മാസത്തിൽ കുറഞ്ഞത് 5000 ഡോളർ വരുമാനം ഉണ്ടെന്ന് തെളിയിക്കണം. 3 മാസത്തെ കമ്പനി അക്കൗണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റും വേണം.
പെർമിറ്റ് ലഭിക്കുന്നവർക്ക് വീട് വാടകയ്ക്ക് എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും മക്കളെ സ്കൂളിൽ ചേർക്കാനും അനുമതിയുണ്ട്. കോവിഡിനെ തുടർന്നു രാജ്യാന്തരതലത്തിൽ തൊഴിൽ മേഖലയിലുണ്ടായ ഡിജിറ്റൽ സാധ്യതകൾ കണക്കിലെടുത്താണു റിമോട്ട് വർക്ക് വീസ പദ്ധതി ആരംഭിച്ചത്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി നൂതന പദ്ധതി ആവിഷ്കരിച്ച് യുഎഇയിലേക്കു കൂടുതൽ പേരെ ആകർഷിക്കുകയാണ് ലക്ഷ്യം.
ലോകത്തെ ഏതു രാജ്യത്തെ ജോലിയും യുഎഇയിലിരുന്ന് ചെയ്യാൻ അവസരം ഒരുക്കുന്നത് ആഗോള വ്യാപാര കേന്ദ്രമായ യുഎഇക്ക് കൂടുതൽ നേട്ടമാകും. ഒന്നോ രണ്ടോ ജീവനക്കാരുള്ള കമ്പനികൾക്കു വൻതുക മുടക്കി സ്വന്തം പേരിൽ ഓഫിസോ മറ്റു സൗകര്യങ്ങളെ സജ്ജമാക്കേണ്ടി വരില്ലെന്നതാണ് നേട്ടം. വിവിധ രാജ്യക്കാർ യുഎഇയിൽ താമസിച്ച് ജോലി ചെയ്യുന്നത് സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റത്തിന് വഴിവയ്ക്കും. സമ്പദ് വ്യവസ്ഥയിലും വൻ ചലനമുണ്ടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല