സ്വന്തം ലേഖകൻ: യുഎഇയില്‍ അനധികൃതമായി റോഡ് മുറിച്ച് കടക്കുകയും കാല് നട ക്രോസിംഗുകളില്‍ നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുകയും ചെയ്യുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നൽകി പൊലീസ്. നിയമ ലംഘകരിൽ നിന്ന് 500 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഉമ്മുൽ ഖുവൈൻ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിനും ആരംഭിച്ചു.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ അപടകങ്ങള്‍ക്കും ചിലപ്പോള്‍ ജീവന് തന്നെ നഷ്ടമാകാനും കാരണമാകുമെന്ന ഓര്‍മപ്പെടുത്തലോടെയാണ് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റോഡ് മുറിച്ച് കടക്കുന്നതിന് കാല് നട ക്രോസിംഗുകള്‍ മാത്രം ഉപയോഗിക്കണമെന്ന് പൊതു ജനങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം നല്കി. കാല് നട ക്രോസിംഗുകളില്‍ യാത്രക്കാരുടെ അവകാശം സംരക്ഷിക്കാന്‍ വാഹനം ഓടിക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.
ഇത്തരം ക്രോസിംഗുകളില്‍ മുഴുവന്‍ ആളുകളും കടന്നു പോകുന്നതുവരെ വാഹനം നിര്‍ത്തിയിടണമെന്നും പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. ഇതിനുപുറമെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. നിശ്ചിത സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കുന്ന യാത്രക്കാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് ശരിയായ വഴി നല്‍കുന്നതിനെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കാനും നിയുക്ത സ്ഥലങ്ങളില്‍ മാത്രം റോഡ് മുറിച്ചുകടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാല്‍നട യാത്രക്കാര്‍ക്കിടയില്‍ അവബോധം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല