സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് അധികൃതർ. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വർഷത്തെ മന്ത്രിസഭാ തീരുമാനപ്രകാരമാണു നടപടി.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു വേതന സുരക്ഷാ പദ്ധതി (ഡബ്ലിയുപിഎസ്) വഴിയാണു വേതനം വിതരണം നടത്തേണ്ടത്. ഇതനുസരിച്ച് ഓരോ മാസവും മൂന്നാം തീയതിക്ക് മുൻപു തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളമെത്തണം. 10–ാം തീയതി കഴിഞ്ഞിട്ടും വേതനം ലഭിച്ചിട്ടില്ലെങ്കിൽ കമ്പനികൾക്കു നോട്ടിസ് അയയ്ക്കും. എന്നാൽ 17 ദിവസം കഴിഞ്ഞിട്ടും വേതനം നൽകാത്ത കമ്പനികൾക്ക് പുതിയ തൊഴിൽ വീസ നൽകില്ലെന്നു മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
50 തൊഴിലാളികളിലേറെയുള്ള സ്ഥാപനങ്ങളാണ് വേതനം മുടക്കിയതെങ്കിൽ ഇത്തരം സ്ഥാപനങ്ങളെ ഓൺലൈൻ സംവിധാനം വഴി നിരീക്ഷിക്കും. നിരീക്ഷണങ്ങൾക്ക് ശേഷം മന്ത്രാലയ ഉദ്യോഗസ്ഥർ കമ്പനികളിൽ നേരിട്ടെത്തി താക്കീത് നൽകും. 500ൽ ഏറെ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ നടപടി കടുക്കും. ഈ കമ്പനികളെ കുറിച്ചുള്ള വിവരം നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറും.
ഇതേപ്രകാരം 50 നും 499 നും ഇടയിൽ തൊഴിലാളികളുള്ള കമ്പനികൾ ഒന്നര മാസത്തിലധികം വേതനം വൈകിപ്പിച്ചാലും കമ്പനി ഫയൽ പബ്ലിക് പ്രോസിക്യൂഷനു നൽകും. ഏതു തരം കമ്പനികളും രണ്ടു മാസത്തിലധികം തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കുന്നത് ഗുരുതര നിയമലംഘനമാണ്.അത്തരം കമ്പനികളുമായുള്ള വീസ സേവനങ്ങൾ മന്ത്രാലയം നിർത്തിവയ്ക്കുകയും പുതിയ വീസ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യും.മുന്നറിയിപ്പുകളും മന്ത്രാലയ നടപടികളും അവഗണിച്ചു നിയമലംഘനം ആവർത്തിച്ചാൽ കമ്പനിക്ക് പിഴ ചുമത്തും.
മന്ത്രാലയപ്പട്ടികയിൽ ഇത്തരം സ്ഥാപനങ്ങൾ മൂന്നാം സ്ഥാനത്താകും. തുടർച്ചയായ മൂന്നു മാസമാണ് സ്ഥാപനങ്ങൾ വേതന വിതരണത്തിൽ കാലതാമസം വരുത്തിയതെങ്കിൽ മന്ത്രാലയം ആദ്യം ഓൺലൈൻ വഴി സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകും. അതോടൊപ്പം പിഴ ചുമത്തും. വേതനം കൈപ്പറ്റാത്ത തൊഴിലാളികളുടെ വീസ പുതുക്കുന്നതു നിർത്തലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വേതനം നൽകാനാകാത്ത കമ്പനികൾ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയമാനുസൃത നടപടി സ്വീകരിക്കണം. ആറു മാസം കഴിഞ്ഞിട്ടും വേതനം നൽകാത്ത കമ്പനികൾക്ക് മന്ത്രാലയവുമായി ഇപ്പോഴും ബന്ധമുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കും. മന്ത്രാലയവുമായി സമ്പർക്കമില്ലെന്ന് വ്യക്തമായാൽ വൻ തുക പിഴ ചുമത്തി കമ്പനി ഫയൽ പബ്ലിക് പ്രോസിക്യൂഷനു കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല