1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2023

സ്വന്തം ലേഖകൻ: ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ പൂർത്തിയാക്കിയതോടെ മക്കൾക്കു സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. കുറഞ്ഞ ഫീസുള്ള സ്കൂളിൽ അപേക്ഷിച്ച് കാത്തിരുന്നവരും വെട്ടിലായി. ഈ സ്കൂളുകളിൽ സീറ്റു കിട്ടിയില്ലെന്നു മാത്രമല്ല മറ്റു സ്കൂളിലെ പ്രവേശന നടപടികൾ തീർന്നതും വിനയായി.

ഇനി മക്കളെ നാട്ടിലേക്കു അയയ്ക്കേണ്ടിവരുമോ എന്ന വേവലാതിയിലാണ് മാതാപിതാക്കൾ. ഒക്ടോബറിൽ തുടങ്ങിയ പ്രവേശന നടപടികൾ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചതോടെയാണ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയത്. അതിനിടെ നാട്ടിൽനിന്ന് എത്തുന്ന കുട്ടികൾക്ക് സ്കൂളിൽ സീറ്റ് ഉറപ്പിക്കാനാവാതെ പ്രയാസപ്പെടുന്നവരും ഏറെ.

കെജി–1 പ്രവേശനത്തിനായിരുന്നു വൻ തിരക്ക്. കെജി–2 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരിമിത സീറ്റുകളിലേക്കും സ്കൂളുകൾ ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷകരുടെ വർധന മൂലം നറുക്കെടുത്താണ് കെ.ജി–1 കുട്ടികളെ തിരഞ്ഞെടുത്തത്. നിലവിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്ക് സീറ്റ് നൽകി ശേഷിക്കുന്ന സീറ്റിലേക്കായിരുന്നു നറുക്കെടുപ്പ്. പരിധിയിൽ കൂടുതലാണെങ്കിൽ സിബ്‍ലിങ്സ് അഡ്മിഷനും നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ഓരോ സ്കൂളിലും യഥാർഥ സീറ്റുകളുടെ അഞ്ചും പത്തും ഇരട്ടി അപേക്ഷകൾ ലഭിക്കുമ്പോൾ നറുക്കെടുപ്പല്ലാതെ മറ്റു മാർഗമില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. കെജി–2 മുതൽ മുതിർന്ന ക്ലാസുകളിലേക്ക് അതാതു സ്കൂളുകൾ നടത്തുന്ന പ്രവേശന പരീക്ഷയിൽ മികവു പുലർത്തുന്നവർക്കാണ് പ്രവേശനം നൽകുന്നത്.

അതുകൊണ്ടുതന്നെ വിവിധ സ്കൂളുകളിൽ അപേക്ഷ ഫീസ് അടച്ച് എൻട്രൻസ് എഴുതിച്ചവരും ഏറെ. ഒരു സ്കൂളിൽ കിട്ടിയില്ലെങ്കിലും അടുത്ത സ്കൂളിൽ പ്രതീക്ഷയർപ്പിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അപേക്ഷ സ്വീകരിക്കുന്നത് വരുമാനമാർഗമാക്കിയ സ്കൂളുകളും ഉണ്ട്. 200 സീറ്റിലേക്കു 20,000 അപേക്ഷകൾ സ്വീകരിച്ച സ്കൂളുകളുമുണ്ട്. 250 മുതൽ 500 ദിർഹം വരെയാണ് അപേക്ഷാ ഫീസായി പലരും ഈടാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.