1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ സ്കൂൾ ഫീസ് വർധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഉയർന്ന വീട്ടുവാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും മൂലം നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് സ്കൂൾ ഫീസ് വർധന കൂടി പ്രാബല്യത്തിൽ വന്നത് തിരിച്ചടിയായി. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്ക് ഈയിനത്തിൽ വൻതുക അധികമായി കണ്ടെത്തേണ്ട അവസ്ഥ.

ഇതോടെ കുറഞ്ഞ ഫീസുള്ള മറ്റു സ്കൂളിലേക്കു കുട്ടികളെ മാറ്റി ചേർക്കാനാകുമോ എന്നാണ് ചിലർ പരിശോധിക്കുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടിയതോടെ കുറഞ്ഞ ഫീസുള്ള സ്കൂളിൽ പ്രവേശനം കിട്ടുക പ്രയാസമായി. ഏതാനും വർഷമായി ജീവിത ചെലവ് അടിക്കടി ഉയരുകയാണ്.

മിക്ക കെട്ടിടങ്ങളും വാടക 5% മുതൽ 10% വരെ ഉയർത്തി. അവശ്യ സാധനങ്ങളുടെ വില ഗണ്യമായി വർധിക്കുക മാത്രമല്ല തൂക്കം കുറച്ചതും പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിച്ചു. എന്നാൽ ഏതാനും വർഷമായി വർധിക്കാത്തത് ശമ്പളം മാത്രമാണെന്നാണ് പ്രവാസി കുടുംബങ്ങൾ പറയുന്നു.

ചെലവും വരുമാനവും തമ്മിൽ പൊരുത്തപ്പെടാത്ത വിധം അന്തരം വന്നപ്പോൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ സാധിക്കുന്നില്ല. ഭക്ഷണച്ചെലവ് ചുരുക്കിയും വിനോദത്തിനു പുറത്തുപോകുന്നത് ഒഴിവാക്കിയുമാണ് പല പ്രവാസി കുടുംബങ്ങളും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. സ്കൂൾ ഫീസ്, ബസ് ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങി അനുബന്ധ ഫീസുകളെല്ലാം കൂടി വർധിച്ചതോടെ ഒരു കുട്ടിക്ക് 15,000 രൂപ അധികമായി കണ്ടെത്തണം.

ഫീസ് വർധിപ്പിക്കാൻ മത്സരിക്കുന്ന സ്കൂളുകൾ പക്ഷേ നിലവാരമോ സൗകര്യങ്ങളോ മെച്ചപ്പെടുത്താനായി ഒന്നും ചെയ്യുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. വഴിപാട് പോലെ ക്ലാസ് എടുത്ത് ബാക്കി വിദ്യാർഥികളോട് സ്വയം പഠിക്കാനാണ് പല അധ്യാപകരും ആവശ്യപ്പെടുന്നത്. ചില അധ്യാപകർ എടുക്കുന്ന കണക്ക്, സയൻസ് വിഷയങ്ങൾ മനസ്സിലാകാത്തതിനാൽ പലർക്കും സ്വകാര്യ ട്യൂഷനും വേണം.

മുതിർന്ന ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്നുണ്ട്. ഇവിടെ ട്യൂഷന് ചെലവ് കൂടുതലായതിനാൽ നാട്ടിലെ ഓൺലൈൻ ട്യൂഷന് ചേർന്ന് പഠിക്കുന്നവരും ഏറെ. ഇങ്ങനെ പഠിച്ച് മികച്ച മാർക്ക് വാങ്ങിയാൽ അതിന്റെ ക്രെഡിറ്റ് സ്കൂളുകൾ സ്വന്തമാക്കുന്നുണ്ടെന്നും ചിലർ ആരോപിച്ചു.

ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം കൊണ്ടും നാട്ടിൽ മറ്റാരും സഹായത്തിനില്ലാത്തതുകൊണ്ടുമാണ് പലരും ഏറെ ക‌ഷ്ടപ്പെട്ട് കുടുംബത്തെ ഇവിടെ നിർത്തുന്നത്. സാധാരണ കുടുംബങ്ങളിൽ 2 പേർ ജോലിക്കു പോയാൽ പോലും ചെലവ് കൂട്ടിമുട്ടിക്കാനാകത്ത വിധം ഉയർന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ചില കുടുംബങ്ങൾ മാർച്ചോടെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ്. പലരും തുടരുന്നില്ലെന്ന് സ്കൂളിനെ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വിവിധ എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ നിലവാര പരിശോധനയിൽ സ്കൂളുകളുടെ പ്രകടനം അനുസരിച്ചാണ് ഫീസ് വർധനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. നിലവിലെ ഫീസിൽ 2% മുതൽ 5% വരെ വർധനയ്ക്ക് അനുമതി ലഭിച്ച സ്കൂളുകളുണ്ട്.

ഔട്ട്സ്റ്റാൻഡിങ്, വെരി ഗുഡ്, ഗുഡ്, ആക്സപ്റ്റബ്ൾ, വീക്ക്, വെരി വീക്ക് എന്നിങ്ങനെ തരം തിരിച്ചാണ് ആനുപാതിക ഫീസ് വർധനയ്ക്ക് അനുമതി നൽകിയത്. എന്നാൽ തൃപ്തികരമല്ലാത്തത്, മോശം വിഭാഗത്തിലുള്ള സ്കൂളുകളുടെ ഫീസ് വർധനയ്ക്ക് ഷാർജ എമിറേറ്റ് അനുമതി നൽകിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.