സ്വന്തം ലേഖകൻ: മധ്യവേനല്‍ അവധിക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാനുളള അവസാന ഘട്ട ഒരുക്കത്തിലാണ് യുഎഇയിലെ സ്‌കൂളുകള്‍. ഈ മാസം 28ന് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കും. രണ്ട് മാസത്തെ അവധിക്ക് ശേഷം കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ ആഘോഷ പൂര്‍വം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യാലയങ്ങള്‍. ആദ്യമായി അക്ഷര മുറ്റത്ത് എത്തുന്നവര്‍ക്കായി പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പുതിയ അധ്യയന വര്‍ഷത്തേക്കുളള തയ്യാറെടുപ്പുകള്‍ക്കായി നാളെ മുതല്‍ അധ്യാപകരും സ്‌കൂളുകളിലെത്തും. ഏപ്രിലില്‍ അധ്യയന വര്‍ഷം ആരംഭിച്ച സ്‌കൂളിലെ കുട്ടികള്‍ രണ്ടാം പാദ പഠനത്തിലേക്കാണ് കടക്കുന്നത്. എന്നാല്‍ പ്രാദേശിക സിലബസിലും വിദേശ സിലബസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് പുതിയ തുടക്കമാണ്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ മാറിയിട്ടുണ്ട്. ഉയര്‍ന്ന ഫീസ് കാരണം കുട്ടികള്‍ക്ക് ആഗ്രഹിച്ച സ്‌കൂളില്‍ അഡ്മിഷന്‍ ഉറപ്പാക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയും ചിലര്‍ പങ്കുവച്ചു. പുതിയ അധ്യയന വര്‍ഷത്തിലെ അക്കാദമിക് കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. 185 ദിവസമായിരിക്കും ഈ വര്‍ഷം പഠനമുണ്ടാവുക.
അവധിക്കാലത്തില്‍ ചെറിയ മാറ്റം വരുത്താന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തി ദിനങ്ങള്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിക്കുന്ന രീതിയില്‍ തന്നെ പിന്‍തുടരണം. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിവിധ എമിറേറ്റുകളിലെ പൊലീസ് സേന ഡ്രൈവര്‍മാര്‍ക്കായി ബോധവത്ക്കരണ ക്യാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ച് വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല