1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2018

സ്വന്തം ലേഖകന്‍: ‘രണ്ടുതരം ഭരണാധികാരികളും ജനങ്ങളും,’ ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജനജീവിതം മെച്ചപ്പെടുത്തുന്നവരും ദുഷ്‌കരമാക്കുന്നവരുമായ രണ്ടു തരം ഭരണാധികാരികളെക്കുറിച്ച് യുഎഇ വൈസ് പ്രസി!ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്ററില്‍ കുറിച്ച വരികളാണ് ചര്‍ച്ചയാകുന്നത്.

ഭരണാധികാരി എന്ന നിലയില്‍ താന്‍ പഠിച്ച പാഠങ്ങളെക്കുറിച്ച് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അറബിക് ഭാഷയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘രണ്ടുതരം അധികാരികളാണുള്ളത്. ആദ്യത്തെ കൂട്ടര്‍ നന്മയുടെ താക്കോലുകളാണ്. അവര്‍ ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്നു. ജനജീവിതം സുഗമമാക്കുന്നതാണ് അവരുടെ സന്തോഷം. ജനജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ പ്രയത്‌നിക്കുന്നു. അവര്‍ വാതിലുകള്‍ തുറക്കുന്നു, പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു. ജന നന്‍മയ്ക്കായി അവര്‍ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ചു ചെയ്യുന്നു.

രണ്ടാമത്തെ കൂട്ടര്‍ എല്ലാത്തിനെയും മോശമായി വിലയിരുത്തുന്നവരാണ്. ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ അവര്‍ സങ്കീര്‍ണമാക്കുന്നു. ജനങ്ങളെപ്പോഴും തങ്ങളെ കാത്ത് വീട്ടുപടിക്കലും മേശയ്ക്കരികിലും നില്‍ക്കുന്നതാണ് അവരുടെ സന്തോഷം. ആദ്യത്തെ കൂട്ടര്‍ ഏറുന്നിടത്താണു രാജ്യങ്ങളും സര്‍ക്കാരുകളും വിജയിക്കുന്നത്,’ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറയുന്നു.

പ്രളയമുണ്ടായപ്പോള്‍ കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ടു മലയാളത്തില്‍ ഉള്‍പ്പെടെ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. കേരളത്തെ സഹായിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും നിര്‍ദേശം നല്‍കി. അദ്ദേഹത്തിന്റെ ട്വീറ്റിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറയുകയും ചെയ്തിരുന്നു. അതിനിടെ യുഎഇയുടെ ഇന്ത്യന്‍ സ്ഥാനപതി അടുത്തയാഴ്ച കേരളത്തിലെത്തും. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ക്കിടെയാണ് യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്നയുടെ സന്ദര്‍ശനം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.