സ്വന്തം ലേഖകൻ: യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിഷ്കര്‍ഷിച്ച സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയോഗിക്കണമെന്ന നിയമാണ് 2024 ജനുവരി മുതല്‍ നിലവില്‍ വന്നത്. തിരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് എമിറേറ്റൈസേഷന്‍ പാലിക്കേണ്ടത്.
രാജ്യത്ത് 20-49 ജീവനക്കാരുള്ള 12,000 ത്തിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനികള്‍ ചുരുങ്ങിയത് ഒരു പൗരനെ ജോലിക്ക് നിയമിക്കുന്നതിലൂടെ 12,000 പേര്‍ക്ക് ജോലി ലഭ്യമാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 2025ല്‍ ഈ സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ കൂടി അധികമായി നിയമിക്കണം.
ഒരു സ്വദേശിയുടെ കുറവ് വന്നാല്‍ 2025 ജനുവരി മുതല്‍ 96,000 ദിര്‍ഹം ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കും. 2025ല്‍ ഒരു സ്വദേശിയെ കൂടി നിയമിക്കാത്തവര്‍ക്ക് 2026 ജനുവരിയില്‍ 1,08,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഈ തുക തവണകളായി അടയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
സ്വദേശിവൽക്കരണം ഫലപ്രദമായി നടപ്പാക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ടെൻഡറുകളിൽ പ്രത്യേക പരിഗണനയും പെൻഷൻ പദ്ധതിയും ഉൾപ്പെടെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
സർക്കാർ പദ്ധതികളിൽ കരാർ നൽകുമ്പോൾ കമ്പനികളുടെ അടിസ്ഥാന യോഗ്യതയായി സ്വദേശിവൽക്കരണം പരിഗണിക്കും.
മന്ത്രാലയത്തിലെ സ്വദേശിവൽക്കരണ ക്ലബ്ബിൽ ഈ കമ്പനികൾക്ക് അംഗത്വവും നൽകും. ഇതിനു പുറമേ സ്വദേശിവൽകരണത്തിനുള്ള സർക്കാർ സംവിധാനമായ ‘നാഫിസ്’ ആനുകൂല്യങ്ങളും ലഭിക്കും. സ്വദേശിവൽക്കരണ ക്ലബ്ബിൽ അംഗത്വം നേടിയാൽ മന്ത്രാലയ ഇടപാടുകൾക്കുള്ള നിരക്കിൽ 80 ശതമാനം വരെയാണ് ഇളവ്.
ഭാവി സുരക്ഷിതമാക്കാനുള്ള പെൻഷൻ പദ്ധതിയിലും (ഇശ്തിറാക്) കമ്പനി ജീവനക്കാരെ ഉൾപ്പെടുത്തും. ഇതോടൊപ്പം സ്വദേശികളെ നിയമിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കും.
സ്വദേശിവൽക്കരണത്തിലൂടെ കമ്പനികൾക്ക് വിവിധ സർക്കാർ കേന്ദ്രങ്ങളുടെ പ്രത്യേക പരിഗണന ലഭിക്കും. മന്ത്രാലയവും മറ്റു സർക്കാർ കേന്ദ്രങ്ങളും പ്രത്യേക അവകാശങ്ങൾ നൽകുന്നതോടെ വ്യവസായ രംഗത്ത് നേട്ടമുണ്ടാക്കാൻ സ്വദേശികൾക്ക് തൊഴിൽ നൽകിയ കമ്പനികൾക്ക് സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല