സ്വന്തം ലേഖകന്‍: കുറ്റകൃത്യങ്ങളുടെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് യു.എ.ഇ നിയമപ്രകാരം കുറ്റകരമാണെന്ന് മുന്നറിയിപ്പ്. നിയമാനുസൃതമല്ലാതെ അത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്ന് യു.എ.ഇ അറ്റോര്‍ണി ജനറലാണ് മുന്നറിയിപ്പ് നല്‍കിയത്.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറ്റകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് ആല്‍ ശംസി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സാമൂഹിക നന്മ ലക്ഷ്യാക്കി ഒരു സംഭവം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ചിത്രീകരിക്കാം, എന്നാല്‍ നിയമാനുസൃതമല്ലാതെ അവ പ്രസിദ്ധികരിക്കാന്‍ പാടില്ല.
കുറ്റകൃത്യങ്ങളില്‍ വാദിയും പ്രതിയുമെല്ലാം ഉള്‍പ്പെടുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അവ പ്രസിദ്ധീകരിക്കുന്നത് ദൃശ്യം ചിത്രീകരിച്ചവരെയും പ്രസിദ്ധീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും നിയമകുരുക്കിലാക്കും.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരെയെങ്കിലും കുറ്റവാളിയാക്കി ചിത്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. രാജ്യ താല്‍പര്യങ്ങളെ ഹനിക്കുന്നതും, സ്വൈര്യജീവിതത്തെ ബാധിക്കുന്നതും, അന്വേഷണങ്ങളെ ബാധിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല