![](https://www.nrimalayalee.com/wp-content/uploads/2023/04/UAE-speed-limit-May-1-fines-slow-drivers.jpeg)
സ്വന്തം ലേഖകൻ: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡില്‍ ഏപ്രില്‍ മാസം മുതല്‍ കുറഞ്ഞ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും നിയമലംഘകര്‍ക്ക് മേയ് ഒന്നു മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യുമെന്ന് ഓര്‍മപ്പെടുത്തി അബൂദബി പൊലീസ്. അബൂദബിയിലെ പ്രധാനപാതയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ പരമാവധി വേഗം 140 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. പാതയുടെ ഇടത്തേ അറ്റത്തെ രണ്ടു ലെയിനുകളിലാണ് 120 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കേണ്ടത്.
കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ മൂന്നാമത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഇവിടെ കുറഞ്ഞ വേഗപരിധി നിര്‍ണയിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ ഏറ്റവും ഒടുവിലത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഈ ലെയിനിലും വേഗപരിധി നിര്‍ദേശിച്ചിട്ടില്ല. ഏപ്രിലില്‍ കുറഞ്ഞ വേഗപരിധി പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കിത്തുടങ്ങിയിരുന്നില്ല.
നിലവിൽ വേഗപരിധി പാലിക്കാന്‍ കഴിയാത്തവർക്ക് നോട്ടീസ് അയക്കുന്നുണ്ട്. മേയ് ഒന്നു മുതലാണ് നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയെന്നും അധികൃതര്‍ അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ വേഗപരിധി നിശ്ചയിച്ചതെന്ന് മേജര്‍ ജനറല്‍ അഹമ്മദ് ബിന്‍ സെയിഫ് ബിന്‍ സയ്തൂം അല്‍ മുഹൈരി പറഞ്ഞു. ഏവരും നിയമം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല