സ്വന്തം ലേഖകൻ: വിദേശപഠനത്തോടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തൊഴിൽത്തട്ടിപ്പിന് ഇരയാകരുതെന്ന് യുഎഇ യിലെ വിവിധ റിക്രൂട്ടിങ് ഏജന്റുമാർ മുന്നറിയിപ്പ് നൽകി. യുഎഇ യിൽനിന്ന് മറ്റ് വിദേശരാജ്യങ്ങളിലേക്ക് ജോലിതേടിയും പഠനത്തിനായും പോകുന്ന പ്രവാസി വിദ്യാർഥികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
യുഎഇയുടെ അംഗീകാരമില്ലാത്ത വിവിധ റിക്രൂട്ടിങ് ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. ഈജിപ്ത്, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ജർമനി, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും പറക്കുന്നത്. പ്രവാസികളിൽ മലയാളികളാണ് പഠനത്തിനും ജോലിക്കും മറ്റ് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
വിദേശ സർവകലാശാലകളിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഒട്ടേറെ അംഗീകൃത ഏജൻസികൾ ഇന്ന് യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മൂലം ചില വിദേശ സർവകലാശാലകൾ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത് നിർത്തിവെച്ചിരുന്നെങ്കിലും കോവിഡാനന്തരം ഉദ്യോഗാർഥികളുടെ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് പഠന സൗകര്യം ഏർപ്പെടുത്തികൊടുക്കുന്ന ഏജന്റുമാർ പറയുന്നു.
കേരളത്തിലോ ഇന്ത്യയിലെ മറ്റിടങ്ങളിലോ മെഡിക്കൽ പഠനത്തിന് അവസരം കിട്ടാത്തവരായിരുന്നു എം.ബി.ബി.എസ് പഠനത്തിനായി നേരത്തെ വിദേശ സർവകലാശാലകളെ ആശ്രയിച്ചിരുന്നത്. എന്നാലിേപ്പാൾ ഇതിൽ മാറ്റമുണ്ട്. മെഡിക്കൽ പഠനത്തെപ്പോലെ മറ്റ് നൂതന കോഴ്‌സുകൾക്കും ആവശ്യക്കാർ വർധിച്ചു.
നേരത്തെ ഡിഗ്രി പൂർത്തിയാക്കിയവരായിരുന്നു തുടർപഠനത്തിന് പോയിരുന്നതെങ്കിൽ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞയുടനെ വിദേശത്തേക്ക് പറക്കാനാണ് കൂടുതൽ വിദ്യാർഥികളും ഇഷ്ടപ്പെടുന്നത്. പാർട്ട്ടൈം ജോലിയെടുത്തുകൊണ്ട് പഠനം നടത്താനാണ് അധികം കുട്ടികളും ആഗ്രഹിക്കുന്നത്. അവിടുത്തെ ജീവിതച്ചെലവിനുള്ള പണമെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് വിവിധ റിക്രൂട്ടിങ് ഏജന്റുമാർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല