1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2023

സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കായി സ്കൂളുകൾ 26ന് അടയ്ക്കും. ബലിപെരുന്നാളിന്റെ അവധിയും വാരാന്ത്യ ദിനങ്ങളും ചേർത്ത് ഇത്തവണ 64 ദിവസത്തെ അവധി ലഭിക്കും. ചില സ്കൂളുകൾ 26നു കൂടി അവധി നൽകി 23ന് തന്നെ അടയ്ക്കും.

നാട്ടിൽ ജൂണിൽ സ്കൂൾ തുറന്ന് പഠനച്ചൂടിലേക്കു കടക്കുമ്പോൾ ഏപ്രിലിൽ പുതിയ അധ്യയനം ആരംഭിച്ച യുഎഇയില‍െ ഇന്ത്യൻ സ്കൂളുകൾ ആദ്യപാദ പഠനവും പരീക്ഷയും ഓപ്പൺ ഹൗസും കഴിഞ്ഞാണ് അടയ്ക്കുന്നത്. ഇതേസമയം പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞാണ് അടയ്ക്കുക. ഓഗസ്റ്റ് 28ന് സ്കൂളുകൾ തുറക്കുമ്പോൾ ഇന്ത്യൻ സ്കൂളുകൾ രണ്ടാം പാദ പഠനച്ചൂടിലേക്കു കടക്കും.

എന്നാൽ വിദേശ സിലബസ് സ്കൂളുകൾക്ക് പുതിയ അധ്യയന വർഷാരംഭം ആയിരിക്കും.യുഎഇയിലെ കൊടുംചൂടിൽനിന്ന് രക്ഷ നേടാനായി അവധിക്കാലത്ത് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ കുടുംബങ്ങൾ മാതൃ രാജ്യങ്ങളിലേക്ക് പോകുകയാണ് പതിവ്. സ്വദേശികൾ വിദേശങ്ങളിലേക്കും ചേക്കേറും. എന്നാൽ വർധിച്ച വിമാന ടിക്കറ്റു മൂലം നൂറുകണക്കിന് മലയാളി കുടുംബങ്ങൾക്ക് നാട്ടിലേക്കു പോകാൻ സാധിക്കാതെ വലയുകയാണ്.

അവധി മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കാത്തവരാണ് നെടുവീർപ്പെടുന്നത്. നാലംഗ കുടുംബത്തിന് കേരളത്തിൽ പോയി തിരിച്ചുവരാൻ കുറഞ്ഞത് 3 മുതൽ 5 ലക്ഷം രൂപ വേണം. ഇത്ര കൊടുത്താലും വിമാനത്തിൽ സീറ്റില്ല. കണക്‌ഷൻ വിമാനങ്ങളിൽ മറ്റു രാജ്യങ്ങളിലോ ഇതര സംസ്ഥാനങ്ങളിലോ പോയി 10–25 മണിക്കൂർ കാത്തിരുന്നു അടുത്ത് വിമാനം പിടിച്ച് നാട്ടിൽ എത്തുമ്പോഴേക്കും അവശരാകും.

തിരിച്ചു വരാനും ഇതേ കടമ്പ കടക്കണം. ചുരുക്കത്തിൽ 4 മണിക്കൂർ ദൈർഘ്യമുള്ള യുഎഇ–കേരള യാത്രയ്ക്ക് വളഞ്ഞ വഴിയിലൂടെ 2 ദിവസത്തെ ലീവ് നഷ്ടമാകും. ജീവിതച്ചെലവ് കൂടിയ വിദേശവാസത്തിനിടെ ശരാശരി കുടുംബത്തിന് രണ്ടും നാലും വർഷത്തെ സമ്പാദ്യം നീക്കിവച്ചാൽ പോലും ടിക്കറ്റിനുള്ള തുക തികയില്ല. അതുകൊണ്ടുതന്നെ പല കുടുംബങ്ങൾക്കും ഇത്തവണത്തെ അവധിക്കാലം ഫ്ലാറ്റിനകത്തു തന്നെ കഴിച്ചുകൂട്ടേണ്ടിവരും.

ടിക്കറ്റുവർധനയുടെ ആവലാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാശ്വത പരിഹാരം വൈകിയാലും അവധിക്കാല തിരക്കു കണക്കിലെടുത്ത് അധിക വിമാന സർവീസോ ചാർട്ടേർഡ് വിമാനങ്ങളോ ഏർപ്പെടുത്തി പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സൗകര്യം ഒരുക്കണമെന്നാണ് പ്രവാസി കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.