സ്വന്തം ലേഖകൻ: കോർപറേറ്റ് നികുതി നിലവിൽ വന്നതോടെ രാജ്യത്തെ നികുതി ചട്ടങ്ങളിൽ കാതലായ മാറ്റങ്ങൾ പ്രഖ്യാപിച്ച് സാമ്പത്തിക മന്ത്രാലയം. നികുതി അടയ്ക്കൽ, റീ ഫണ്ട്, പാപ്പരാകുന്ന സാഹചര്യം ഉൾപ്പെടെയുള്ള ചട്ടങ്ങളിലാണു ഭേദഗതി. എല്ലാ സ്ഥാപനങ്ങളും കണക്കു നൽകണം.
കണക്കുകൾ രേഖപ്പെടുത്തുകയും അടുത്ത 5 വർഷത്തേക്ക് സൂക്ഷിക്കുകയും വേണം. തർക്കമുള്ള അക്കൗണ്ട് ആണെങ്കിൽ അടുത്ത 4 വർഷത്തേക്കോ തർക്കം തീരും വരെയോ സൂക്ഷിക്കണം. ഏതാണോ ഒടുവിൽ സംഭവിക്കുന്നത് അതുവരെ കണക്ക് സൂക്ഷിക്കണം. കണക്കുമായി ബന്ധപ്പെട്ട രേഖകൾ ഇംഗ്ലിഷിൽ നൽകാം.
ഏതെങ്കിലും പ്രത്യേക ഭാഗം ആവശ്യപ്പെട്ടാൽ അറബിയിൽ മൊഴിമാറ്റം ചെയ്യണം. നികുതിദായകന് നിയമ സഹായത്തിന് അഭിഭാഷകനെ നിയമിക്കുന്നെങ്കിൽ അതിന്റെ മുഴുവൻ രേഖകളും നിയമന ഉത്തരവും അധികൃതർക്കു കൈമാറും. അധികമായി നൽകുന്ന നികുതി തിരികെ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഭാവിയിലെ നികുതി തുകയിലേക്കോ കമ്പനിയുടെ നികുതി കുടിശികയിലേക്കോ വകകൊള്ളിക്കും.
ടാക്സ് ഏജന്റിനെ റജിസ്റ്റർ ചെയ്യുന്നതിലും ഒഴിവാക്കുന്നതിലുമുള്ള ചട്ടങ്ങളിലും മാറ്റമുണ്ട്. നികുതി വെട്ടിപ്പ് കേസുകൾ ഒത്തുതീർപ്പാക്കുന്നതിൽ പാലിക്കേണ്ട വ്യവസ്ഥകളും പരിഷ്കരിച്ചു. കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നത് നിയമമായി നിലവിൽ വന്നു. ഇത് വ്യക്തികൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. കമ്പനിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ട രേഖകൾ ഓഡിറ്റർക്ക് കൈവശം വയ്ക്കാം.
മുഴുവൻ രേഖകളുടെ പകർപ്പും അസ്സലും ഓഡിറ്റർ സൂക്ഷിക്കണം. ഓഡിറ്റുമായി ബന്ധപ്പെട്ട ഏതു രേഖയും കമ്പനിയോട് ആവശ്യപ്പെടാം. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ കോടതിയിലേക്കു പോകുന്നതിനു മുൻപ് പിഴയടച്ച് നിയമലംഘനം ഒഴിവാക്കാനുള്ള അവസരം നൽകണം. നികുതിയും അനുബന്ധ ചെലവുകളും പിഴയായി നൽകണം. നികുതി വെട്ടിപ്പിനുള്ള പിഴ 50,000 ദിർഹമാണ്.
കേസ് കോടതിയിൽ എത്തിയാൽ ശിക്ഷ വിധിക്കും മുൻപ് നികുതിദായകന് പണം അടച്ചു ശിക്ഷ ഒഴിവാക്കാൻ അവസരമുണ്ട്. നികുതി, പിഴത്തുക എന്നിവയ്ക്കു പുറമെ വെട്ടിച്ച നികുതിയുടെ പകുതിയും അടച്ച് ശിക്ഷ ഒഴിവാക്കാം. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ ചട്ടം നിലവിൽ വരും. നിലവിലെ ചട്ടങ്ങൾ ഇതോടെ ഇല്ലാതാവും. പുതിയ നികുതി ചട്ടങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല