1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2023

സ്വന്തം ലേഖകൻ: യുഎഇയില്‍ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം (ഏതാണ്ട് 22,500 രൂപ) പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ നിന്ന് യാത്രികര്‍ റോഡിലേക്ക് മാലിന്യം ഉപേക്ഷിക്കുന്ന ഏതാനും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ക്ലിപ്പ് പങ്കുവച്ചാണ് അബുദാബി പോലീസ് ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഓര്‍മിപ്പിച്ചത്.

യാത്രക്കാര്‍ മാലിന്യങ്ങള്‍ അടച്ചിട്ട ബിന്നുകളില്‍ മാത്രമേ നിക്ഷേപിക്കാവൂ എന്നും പരിസരം മലിനമാക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 അനുസരിച്ച്, മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അതോറിറ്റി പറയുന്നു. നിരുത്തരവാദപരമായ പെരുമാറ്റം ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവരെ ബോധവല്‍ക്കരിക്കുന്നത് തുടരുകയാണെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര മാനദണ്ഡള്‍ക്കനുസൃതമായി ഹരിത ഇടങ്ങളും മനോഹരമായ തെരുവുകളും സൃഷ്ടിക്കാനും പരിപാലിക്കാനുമുള്ള അധികൃതരുടെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു. നിയമം നടപ്പാക്കുന്നതില്‍ ഒരു മൃദുത്വവും കാണിക്കില്ലെന്നും അത്തരം പെരുമാറ്റത്തെ കര്‍ശനമായി നേരിടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് യുഎഇ കനത്ത പിഴയാണ് ചുമത്തുന്നത്. ചുവപ്പ് സിഗ്നല്‍ ലൈറ്റ് മറികടക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടും. ഇത്തരം കുറ്റങ്ങള്‍ക്ക് 50,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ചിലപ്പോള്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.

അപകടമുണ്ടാക്കുന്നവിധമോ അശ്രദ്ധമായോ വാഹനമോടിക്കുക, മനപൂര്‍വമോ അല്ലാതെയോ ചുവന്ന ലൈറ്റ് അവഗണിക്കുക, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക, നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക, പോലീസ് വാഹനവുമായി ബോധപൂര്‍വം കൂട്ടിയിടിക്കുകയോ മനഃപൂര്‍വം കേടുവരുത്തുകയോ ചെയ്യുക തുടങ്ങിയവയും ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.