സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയാണ് ലഭിക്കുക. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പാണ് യുഎഇ പാസ്. ഇതോടെ സ്മാർട് പാസ്, ദുബായ് ഐഡി തുടങ്ങിയ ആപ്പുകൾക്കു പകരം യുഎഇ പാസ് മാത്രം ഉപയോഗിച്ചാൽ മതിയാകും. 2018ലെ ജൈടെക്സിൽ യുഎഇ പാസ് പരിചയപ്പെടുത്തിയിരുന്നു.
സ്മാർട് ആപ്പ്, uaepass.ae പോർട്ടൽ, കിയോസ്ക് എന്നീ 3 രീതിയിൽ സേവനം ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി നൽകി റജിസ്റ്റർ ചെയ്താൽ യുസർ ഐഡിയും പാസ്വേഡും ലഭിക്കും. രഹസ്യ പിൻനമ്പർ നൽകിയോ വിരലടയാളമോ മുഖമോ സ്കാൻ ചെയ്തോ ആപ്പ് ഉപയോഗിക്കാം. സ്മാർട് ഫോൺ ഇല്ലാത്തവർക്ക് യുഎഇയിലെ ടൈപ്പിങ് സെന്റർ വഴി യുഎഇ പാസ് ഡിജിറ്റൽ തിരിച്ചറിയൽ രേഖയുണ്ടാക്കാം.
യുഎഇയിൽ വീസ എടുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റർ ചെയ്യുക, കുട്ടികളെ സ്കൂളിൽ ചേർക്കുക, സ്കൂൾ ഫീസ് അടയ്ക്കുക, ബാങ്ക് ഇടപാട് നടത്തുക തുടങ്ങി എല്ലാ ഓൺലൈൻ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. സാമൂഹിക വികസന വിഭാഗത്തിന്റെ സേവനവും ഇനി യുഎഇ പാസ് വഴി ലഭിക്കും. വിവിധ എമിറേറ്റിലെ സ്മാർട് സേവന ആപ്പുകൾ യുഎഇ പാസുമായി ബന്ധപ്പെടുത്തി. അതുകൊണ്ടുതന്നെ പ്രാദേശിക, കേന്ദ്ര സർക്കാർ സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായിരിക്കും യുഎഇ പാസ്.
കൂടുതൽ വിവരങ്ങൾക്ക് 600 560000 എന്ന നമ്പറിലോ support@uaepass.ae എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല