സ്വന്തം ലേഖകൻ: യുഎഇയിലെ ടാക്‌സി യാത്രക്കാരുടെ മറവിയെ കുറിച്ച് രസകരമായ കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് യൂബര്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് ഇന്‍ഡെക്‌സ്. കാറുകളില്‍ യാത്രക്കാര്‍ പതിവായി വച്ചു മറക്കുന്ന സാധനങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ സാധനങ്ങള്‍ മറക്കുന്ന ദിവസം, സമയം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയതാണ് ഈ ലോസ്റ്റ് ആന്റ് ഫൗണ്ട് സൂചിക.
ആറാമത്തെ ലോസ്റ്റ് ആന്റ് ഫൗണ്ട് സൂചിക പ്രകാരം യുഎഇയിലെ യാത്രക്കാര്‍ ടാക്‌സി കാറുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സാധനങ്ങള്‍ വച്ചു മറക്കുന്ന ദിവസങ്ങള്‍ വെള്ളിയും ശനിയുമാണ്. അതും വൈകിട്ട് മൂന്ന് മണിക്കും എട്ട് മണിക്കും ഇടയിലുള്ള സമയത്ത്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇയിലെ യൂബര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ആളുകള്‍ സാധനങ്ങള്‍ വച്ചു മറന്നതിന്റെ വിവരങ്ങളില്‍ നിന്ന് കണ്ടെത്തിയ കാര്യങ്ങളാണിവ.
ഏറ്റവും കൂടുതല്‍ പേര്‍ കാറുകളില്‍ വച്ചു മറക്കുന്നത് മൊബൈല്‍ ഫോണുകള്‍, കണ്ണടകള്‍, പഴ്‌സുകള്‍, ബാഗുകള്‍, ഹെഡ് ഫോണുകള്‍ എന്നിവയാണെന്ന് ലോസ്റ്റ് ആന്റ് ഫൗണ്ട് സൂചിക വ്യക്തമാക്കുന്നു. ചിലര്‍ താക്കോലും ബാക്ക്പാക്കും തൊപ്പിയും ഓഫീസ് രേഖകളും പാസ്‌പോര്‍ട്ടും മറന്നുവച്ച് പോവാറുണ്ട്. ഒരു യാത്രക്കാരന്‍ തന്റെ വിവാഹ മോതിരമാണ് കാറില്‍ മറന്നുവച്ചത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായിലെ ടാക്‌സികളില്‍ 12.7 ലക്ഷം ദിര്‍ഹം മറന്നു വച്ചതായി കണ്ടെത്തിയിരുന്നതായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈയിടെ അറിയിച്ചിരുന്നു. ഇതേ കാലയളവില്‍ ആര്‍ടിഎയുടെ കോള്‍ സോന്ററിലെ 8009090 എന്ന നമ്പറില്‍ 44,062 ഫോണ്‍ വിളികളാണ് ടാക്‌സിയില്‍ സാധനങ്ങള്‍ മറന്നുവച്ചതുമായി ബന്ധപ്പെട്ട് ലഭിച്ചത്. പണത്തിന് പുറമെ, 12,410 മൊബൈല്‍ ഫോണുകള്‍, 2,819 മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, 766 പാസ്‌പോര്‍ട്ടുകള്‍, 342 ലാപ്‌ടോപ്പുകള്‍ എന്നിവയും ഈ കാലയളവില്‍ ദുബായ് ടാക്‌സികളില്‍ നിന്ന് മാത്രം ലഭിക്കുകയുണ്ടായി.
ഈയിടെ യാത്രക്കാരന്‍ കാറില്‍ മറന്നുവച്ച ഒരു ലക്ഷം ദിര്‍ഹം തിരികെ നല്‍കിയ ടാക്‌സി ഡ്രൈവറെ ദുബായ് പോലിസ് അഭിനന്ദിച്ചിരുന്നു. സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഡ്രൈവര്‍മാരെ ആദരിക്കാറുണ്ടെന്ന് ആര്‍ടിഎയുടെ കസ്റ്റമര്‍ ഹാപ്പിനെസ് വിഭാഗം ഡയരക്ടര്‍ മെഹൈല അല്‍ സെഹമി പറഞ്ഞു. രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ സത്യസന്ധതയെ കുറിച്ച് രാജ്യത്തെത്തുന്ന വിദേശികള്‍ക്കിടയില്‍ മതിപ്പുണ്ടാക്കാനും ഇത് ഉപകരിക്കും. അതോടൊപ്പം തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഇത്തരം അനുമോദനങ്ങളും അംഗീകാരങ്ങളും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രചോദനം നല്‍കുമെന്നും അല്‍ സെഹമി പറഞ്ഞു.
ഫോണുകള്‍, സണ്‍ ഗ്ലാസ്സുകള്‍, വാലെറ്റുകള്‍, ബാഗുകള്‍/ബാക്ക്പാക്കുകള്‍, ഹെഡ്‌ഫോണുകള്‍/ഇയര്‍ഫോണുകള്‍, താക്കോലുകള്‍, വസ്ത്രങ്ങള്‍, പഴ്‌സുകള്‍/ഹാന്‍ഡ് ബാഗുകള്‍, തൊപ്പികള്‍, പാസ്‌പോര്‍ട്ടുകള്‍ എന്നിവയാണ് യാത്രക്കാര്‍ പതിവായി ടാക്‌സിയില്‍ മറന്നു വയ്ക്കുന്ന സാധനങ്ങള്‍. വെള്ളിയും ശനിയും കഴിഞ്ഞാല്‍ വ്യാഴാഴ്ചയാണ് മറവി കൂടുന്ന ദിവസം. പിന്നീട് ഞായറും ബുധനും വരും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുവെ യാത്രക്കാര്‍ക്ക് മറവി കുറവാണെന്നാണ് സൂചികയിലെ കണ്ടെത്തല്‍. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ മറന്നു വെക്കുന്ന സമയം വൈകിട്ട് മൂന്ന് മണിയാണ്. പിന്നെ വൈകിട്ട് എട്ട് മണി. രണ്ടു മണിയും നാലു മണിയുമാണ് മറവിയുടെ കാര്യത്തില്‍ പിറകെ വരുന്നത്. ടാക്‌സിയില്‍ എന്തെങ്കിലും സാധനങ്ങള്‍ മറന്നുവച്ചാല്‍ ആദ്യം ചെയ്യേണ്ടത് ടാക്‌സി ഡ്രൈവറെ വിളിക്കുകയാണെന്ന് ആര്‍ടിഎ അറിയിച്ചു.
ഷാർജയിൽ ടാക്സി മീറ്റർ താരിഫ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ദിർഹം കുറച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു. ടാക്സി താരിഫുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണിത്.
ടാക്സി നിരക്ക് ഇന്ധനവിലയെ ആശ്രയിച്ച് പ്രതിമാസം നിർണയിക്കാനാണ് ക്രമീകരിച്ചിരുന്നത്. ഈ മാസം ടാക്സി മീറ്റർ പ്രവർത്തനമാരംഭിക്കുക രാവിലെ 8 മുതൽ 10 വരെ 4 ദിർഹം നിരക്കിലായിരിക്കും. കഴിഞ്ഞ മാസത്തെ 15.5 ദിർഹത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് 14.5 ദിർഹം ആണ്. രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 6 വരെ 16.5 ദിർഹവും. ഒാഗസ്റ്റിൽ ഇത് 17.5 ദിർഹമായിരുന്നു. ഇന്നലെ മുതലാണു പോയ മാസത്തെ അപേക്ഷിച്ച് പെട്രോളിന് 62 ഫിൽസ് കുറവിൽ ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല