സ്വന്തം ലേഖകൻ: ദുബായിൽ റെസിഡൻസി വിസക്കുള്ള മെഡിക്കൽ പരിശോധനഫലം ഓൺലൈനായി സ്വീകരിച്ചുതുടങ്ങിയതായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ദുബായിലെ വിസക്കുള്ള മെഡിക്കൽ റിസൽട്ടുകളുടെ സ്ഥിരീകരണത്തിന് പ്രത്യേക ഓൺലൈൻ ലിങ്ക് സജീവമാക്കിയതിനാൽ ഹാർഡ് കോപ്പിയിൽ സബ്മിറ്റ് ചെയ്തവർ ഓൺലൈൻ ഫലങ്ങൾക്ക് അപേക്ഷിക്കേണ്ടി വരും.
ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ പേപ്പർരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് ജി.ഡി.ആർ.എഫ്.എ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളുടെ അസിസ്റ്റൻറ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ ജാസിം അലി അഹ്ലി അറിയിച്ചു. മുമ്പ് മെഡിക്കൽ റിസൽട്ടുകൾ ഇ-മെയിലിൽ പി.ഡി.എഫ് ആയി അയച്ചുകൊടുക്കുന്ന രീതിയാണുണ്ടായിരുന്നത്.
ഫലം പ്രിൻറ് എടുത്ത് ആമർ കേന്ദ്രങ്ങളിൽ വിസ അപേക്ഷകൾക്കൊപ്പം നൽകിയിരുന്നു. ഇതിനാണ് മാറ്റംവന്നത്. ബന്ധപ്പെട്ട വകുപ്പുമായുള്ള ഓൺലൈൻ ലിങ്കിൽ മെഡിക്കൽ ഫലം ദൃശ്യമാകുന്ന സൗകര്യമാണ് പുതിയതായി നിലവിൽ വന്നത്. വിസ സേവനങ്ങൾക്ക് വകുപ്പിെൻറ സ്മാർട്ട് ചാനലുകൾ പൊതുജനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അഭ്യർഥിച്ചു.
മിക്ക സർവിസുകളും ഓൺലൈനിൽ ലഭ്യമാണ്. എത്ര അകലെയാണെങ്കിലും വിസ നടപടികൾ പൂർത്തീകരിക്കാൻ സ്മാർട്ട് ചാനലുകൾക്ക് കഴിയും. വകുപ്പിെൻറ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്നും അറിയിപ്പിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല