1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2023

സ്വന്തം ലേഖകൻ: വീസ ചട്ടങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യുഎഇ വീസ കാലാവധിക്കു ശേഷം രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള പിഴകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചു. തൊഴില്‍ വീസ, വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ തുടങ്ങിയ എല്ലാ വീസകളുടെയും കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും പിഴയായി 100 ദിര്‍ഹത്തിന് പകരം 50 ദിര്‍ഹമാണ് ഇനി മുതല്‍ ഈടാക്കുക.

വീസ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സമയബന്ധിതമായ പുതുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വീസ ചട്ടങ്ങള്‍ ലളിതമാക്കുന്നത്. വീസ കാലാവധിയില്‍ കൂടുതല്‍ താമസിക്കുമ്പോള്‍ ചുമത്തുന്ന പിഴ സംഖ്യകള്‍ ഏകീകരിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ഏകീകരിച്ച ഫീസ് ഘടനയെ കുറിച്ച് അറിയാന്‍ പ്രവാസികളും വിനോദസഞ്ചാരികളും ദുബായ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വെബ്‌സൈറ്റുകളും സന്ദര്‍ശിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

വീസ ഇഷ്യൂ ചെയ്യല്‍, കാലാവധി ദീര്‍ഘിപ്പിക്കല്‍, റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വീസ അപേക്ഷകള്‍ക്കുള്ള സേവന ഫീസ് വെബ്‌സൈറ്റിലൂടെ അറിയാനാവും. അപേക്ഷകര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച് അനാവശ്യ കാലതാമസമോ പിഴയോ ഒഴിവാക്കാനും കഴിയും. ഔദ്യോഗിക വെബ്‌സൈറ്റ്, അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ദുബായ് നൗ ആപ്പ്, അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ എന്നിവയിലൂടെ അപേക്ഷകര്‍ക്ക് ഇപ്പോള്‍ എന്‍ട്രി പെര്‍മിറ്റുകള്‍ക്കും വീസകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.

സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയല്ലാതെ പരമ്പരാഗത രീതിയില്‍ അപേക്ഷ നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന് കീഴിലുള്ള രജിസ്റ്റര്‍ ചെയ്ത ടൈപ്പിങ് ഓഫീസുകളെയോ ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അംഗീകരിച്ച അംഗീകൃത ടൈപ്പിങ് ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

വീസ അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, അപേക്ഷകര്‍ക്ക് എന്‍ട്രി പെര്‍മിറ്റിനൊപ്പം ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി പുതിയ വീസ സ്‌കീമിന്റെ നിയമങ്ങളും നടപടിക്രമങ്ങളും പ്രസിദ്ധപ്പെടുത്തിയിരുന്നു. പുതിയ വെബ് സംവിധാനത്തിന്റെ ഔദ്യോഗിക സമാരംഭത്തോടനുബന്ധിച്ചായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.