സ്വന്തം ലേഖകൻ: സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാൽ മലയാളികൾക്കു വൻ തിരിച്ചടിയാകും. ആയിരക്കണക്കിനു മലയാളികൾ സന്ദർശക വീസയിൽ തൊഴിലന്വേഷകരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഴിയുന്നുണ്ട്.
താൽക്കാലിക ജോലിയിൽ കയറിയവരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീസ പുതുക്കാൻ രാജ്യത്തിനു പുറത്തു പോകേണ്ടി വന്നാൽ വിമാനക്കൂലി അടക്കം വലിയ സാമ്പത്തിക ചെലവുണ്ടാകും. ഈ സാഹചര്യത്തിൽ ഇവരിൽ നല്ലൊരു പങ്കും നാട്ടിലേക്കു തന്നെ മടങ്ങാനാണ് സാധ്യത. സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന നിയമം ദുബായിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ അബുദാബി, ഷാർജ വീസക്കാർക്കു ദുബായിൽ നിന്നു വീസ പുതുക്കാം.
ചെലവ് അൽപം വർധിക്കുമെന്നു മാത്രം. മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിൽ നിന്നു അയയ്ക്കുന്ന പണവും കടം വാങ്ങിയ പണവുമൊക്കെ ഉപയോഗിച്ചു പിടിച്ചു നിൽക്കുന്ന മലയാളി ചെറുപ്പക്കാരുണ്ടിവിടെ. ദുബായിലും വീസ നിയമം നടപ്പിലാക്കിയാൽ രണ്ട് വഴികളാണ് ഇവർക്ക് മുന്നിലുള്ളത്. ഒന്ന്, കര മാർഗം ഒമാനിൽ പോയി എക്സിറ്റ് അടിച്ച് വീസ പുതുക്കി വരിക. ഇപ്പോൾ ഒമാനിലേക്ക് ബസ് സർവീസുള്ളതു കൊണ്ട് ഇതു സാധിക്കും. ഒരു ദിവസം കൊണ്ടു പുതിയ വീസ എടുത്തു വരാം.
വിമാനത്തിൽ പോകാൻ ശ്രമിച്ചാൽ ചെലവ് പലർക്കും താങ്ങാൻ കഴിയില്ല. ഇതല്ലെങ്കിൽ തൊഴിലന്വേഷകർക്കുള്ള ഒരു വർഷത്തെ വീസ എടുക്കുക. സന്ദർശക വീസയിൽ അനന്തകാലം തുടരാനുള്ള സാഹചര്യം ഇനി അധിക നാളുണ്ടാവില്ല എന്നാണ് ലഭിക്കുന്ന സൂചന. അബുദാബിയും ഷാർജയും വീസ നിയമം നടപ്പാക്കിയെങ്കിലും ദുബായിയുടെ കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. ഇന്നലെയും ആളുകൾ ദുബായിൽ നിന്ന് സന്ദർശക വീസ രാജ്യം വിടാതെ തന്നെ പുതുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല