സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് യുഎഇ. യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അറ്റോണി ജനറലിന്റെ ഓഫീസ് പുറത്തുവിറ്ററ്റ് അറിയിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കും.
അടുത്തിടെ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായ നിരവധിപേരുടെ പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് അറിയിപ്പെന്ന് യുഎഇ അറ്റോണി ജനറല്‍ ഓഫീസ് വ്യക്തമാക്കുന്നു. ജനങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും, നിയമപരമായ രീതിയില്‍ പണം ശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകള്‍ മോശമായി ബാധിക്കുക എന്നും അറ്റോണി ജനറല്‍ പറഞ്ഞു.
ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കുകയും. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു. നേരത്തെ മലയാളികള്‍ അടക്കമുള്ളവര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല