സ്വന്തം ലേഖകന്‍: യുഎഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യത; പൊടിക്കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 26 വരെ യുഎഇയില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച തടസപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പൊടിപടലങ്ങള്‍ തിങ്ങിയ കാറ്റും അസ്ഥിര കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നു. തണുത്ത കാറ്റുമൂലം പര്‍വ്വത മേഖലകളില്‍ കാര്‍മേഘം ഉരുണ്ടുകൂടാനും സാധ്യതയുള്ളതോടൊപ്പം വടക്കന്‍ തീരപ്രദേശങ്ങളില്‍ രാത്രിയില്‍ മഴക്കുള്ള സാധ്യതയും ഉണ്ട്. തണുത്ത കാറ്റോടെയുള്ള അസ്ഥിരാവസ്ഥ ഞായറാഴ്ച രാജ്യത്തുടനീളം അനുഭവപ്പെടും. കാര്‍മേഘം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ദ്ധിക്കും. ചില മേഖലകളില്‍ ഇടിയോടു കൂടിയ മഴയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കാര്‍മേഘാവൃതമായ കാലാവസ്ഥാ മാറ്റം തിങ്കളാഴ്ചവരെ തുടരും. വൈകുന്നേരത്തോടെയും രാത്രിയിലും കാര്‍മേഘത്തിന്റെ തീവ്രത കുറയും. തെക്ക് കിഴക്ക്, വടക്ക് കിഴക്കു ദിശയില്‍ കാറ്റു വീശാനുള്ള സാധ്യതയുമാണ് പ്രതീക്ഷിക്കുന്നത്. പൊടിക്കാറ്റില്‍ തുറസ്സായ പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യത കുറയും. മേഘങ്ങളുടെ സാന്നിധ്യവും കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമാവും. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവയിലൂടെയുള്ള കപ്പല്‍ യാത്രികര്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല