സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും തുടരുന്നതിനാല്‍ രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. ഇന്ന് നവംബര്‍ 17ന് വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ സാധ്യമായ ജോലി ക്രമീകരണങ്ങള്‍ നടത്താന്‍ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു.
ഓഫിസുകള്‍ക്ക് പുറത്തും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവരുടെയും യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും സുരക്ഷയും ഉറപ്പാക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. റാസല്‍ഖൈമ എമിറേറ്റില്‍ കനത്ത മഴ കാരണം സര്‍ക്കാര്‍ സ്കൂളുകളിലെ പഠനം ഇന്ന് ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.
ഇന്നും നാളെയും പല ഭാഗത്തും മഴ മുന്നറിയിപ്പുള്ളതിനാല്‍ രാജ്യത്തുടനീളം ദുരന്ത നിവാരണ സേന ജാഗ്രതയിലാണ്. കിഴക്ക്, വടക്ക് തീരപ്രദേശങ്ങളില്‍ മിന്നലും ഇടിയും വ്യത്യസ്ത തീവ്രതയുള്ള മഴയും പ്രതീക്ഷിക്കുന്നു. കനത്ത മഴയും ഇടിമിന്നലുമുള്ളതിനാല് ദുബായ് പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ഥിച്ചു.
കടല്‍ത്തീരങ്ങളില്‍ നിന്നും താഴ്വരകള്‍, തോടുകള്‍, ജലാശയങ്ങള്‍ തുടങ്ങി വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കണം. റോഡില്‍ വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലും ദൂരക്കാഴ്ച കുറയുന്നതിനാലും ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം. ഓരോ പാതയിലെയും പരമാവധി വേഗപരിധിയില്‍ മാറ്റംവരുമെന്നതിനാല്‍ ഇലക്ട്രോണിക് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം. രാജ്യത്തിന്റെ പലഭാഗത്തും റോഡുകളില്‍ തടസ്സമുണ്ടായേക്കാം.
റാസല്‍ ഖൈമ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, ദുബായുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഉമ്മുല്‍ ഖുവൈന്‍, അജ്മാന്, അബുദാബി എമിറേറ്റുകളിലെ അല്‍ ബഹ്യ, അല്‍ റഹ്ബ, ഘന്തൂത്, അല്‍ ദഫ്റ മേഖലയിലും ദുബായ് എമിറേറ്റിലെ പ്രദേശങ്ങളിലും മിതമായ മഴ രേഖപ്പെടുത്തി. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളില്‍ കനത്ത മഴപെയ്തു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന സർവിസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. ദുബായിലെ കറാമ, സിലിക്കൺ ഒയാസിസ്, മുഹൈസിന, ഷാർജയിലെ അൽ നഹ്ദ എന്നിവിടങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല