സ്വന്തം ലേഖകൻ: നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാൻ ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിക്കുന്നു. ഷാർജയിൽ 12 വയസ്സുകാരന് ജീവൻ നഷ്ടമായത് ഈയിടെയാണ്. സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് കുറുകെ കടക്കാവൂ എന്ന് പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോധവൽക്കരണം ശക്തമാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല. നിശ്ചിത അകലത്തിൽ പെഡസ്ട്രിയൻ സിഗ്നലും മേൽപാലവും ഭൂഗർഭപാതകളും ഉണ്ടെങ്കിലും പെട്ടെന്ന് എത്താനായി റോഡ് മുറിച്ചുകടക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
2023ൽ ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ മാത്രമായി 15 പേർ റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു. ഇതിൽ 8 പേരും ദുബായിലുണ്ടായ അപകടങ്ങളിലാണ് മരിച്ചത്. അബുദാബിയിൽ 5 പേരും ഷാർജയിൽ 2 പേരും മരിച്ചു. മറ്റു എമിറേറ്റുകളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ എണ്ണം ഇനിയും കൂടും. മൂന്നൂറിലേറെ പേർക്കാണ് പരുക്കേറ്റത്.
2022ൽ ദുബായിൽ മാത്രം 12 പേർ മരിച്ചിരുന്നു. യുഎഇയിൽ മൊത്തം 20 പേരും. പെഡസ്ട്രിയൻ സിഗ്നലിൽ റെഡ് സിഗ്നലായിട്ടും റോഡിനു കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് 2019 മുതൽ 2022 വരെ 23 പേർക്കു ജീവൻ നഷ്ടമായിരുന്നു. 348 അപകടങ്ങളിലായി 248 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അബുദാബിയിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി, മുസഫ റസിഡൻഷ്യൽ ഏരിയ എന്നിവിടങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്ന സീബ്രാ ക്രോസിങ് മൂലം ഗതാഗതക്കുരുക്ക് ശക്തമായതോടെ ഇവയുടെ എണ്ണം കുറച്ചിരുന്നു.
ജനസാന്ദ്രത കൂടി മേഖലകളിൽ സീബ്രാക്രോസിൽ എപ്പോഴും കാൽനട യാത്രക്കാരുടെ സാന്നിധ്യമുള്ളതിനാൽ ഗതാഗതക്കുരുക്കിന് ശമനമില്ലാതായതോടെ ശേഷിച്ചവയും എടുത്തുകളഞ്ഞ് സിഗ്നലിലൂടെ മാത്രമാക്കി. പകരം മേൽപാലമോ ഭൂഗർഭ പാതകളോ ഏർപ്പെടുത്തിയതുമില്ല. സ്കൂൾ പരിസരങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ റോഡിനു കുറുകെ കടക്കുന്നുണ്ട്.
ഇത്തരക്കാരെ കണ്ടെത്താൻ അധികൃതർ താൽക്കാലിക ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡ് മുറിച്ചുകടക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. റോഡിനു കുറുകെ കടക്കാൻ പാലം, അടിപ്പാത, സിഗ്നൽ, സീബ്രാക്രോസ് എന്നീ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു
അനുമതിയില്ലാത്ത ഇടങ്ങളിൽ റോഡിനു കുറുകെ കടക്കുന്നവർക്ക് 400 ദിർഹമാണ് പിഴ. ഇത്തരക്കാരെ കണ്ടെത്താനായി നിരീക്ഷണവും ശക്തമാക്കി. പിഴയടയ്ക്കാൻ പണം ഇല്ലാത്തവരുടെ എമിറേറ്റ്സ് ഐഡി വാങ്ങിവയ്ക്കും. പിഴ അടച്ചാലേ ഇതു തിരികെ ലഭിക്കൂ. സീബ്രാ ക്രോസിൽ വാഹനങ്ങൾ വേഗം കുറച്ച് കാൽനടയാത്രക്കാർക്ക് അവസരം നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല