1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: യുഎഇയില്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കെട്ടിട തീപിടിത്തങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യത്ത് ശക്തമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അശ്രദ്ധ പാടില്ലെന്നും തീപിടിത്ത സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി അവ പരിഹരിക്കണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്തു. ഈ വര്‍ഷം ഇതുവരെ നൂറുകണക്കിന് തീപ്പിടിത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2022ല്‍ 3,000-ലധികം അഗ്നിബാധാ സംഭവങ്ങളോട് രാജ്യത്തെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ പ്രതികരിച്ചതായാണ് കണക്കുകള്‍. ഇവയില്‍ 2,169 എണ്ണവും കെട്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങളാണ്. 2021ല്‍ 2,090, 2020ല്‍ 1,968 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീപ്പിടിത്തങ്ങളുടെ കണക്കുകളെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഓരോ വര്‍ഷവും ഇത്തരം കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഭൂരിഭാഗം തീപിടിത്തങ്ങളും റെസിഡന്‍ഷ്യല്‍ ഏരിയകളിലാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ 1,385 കേസുകളും വീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലമായിരുന്നു. വാണിജ്യ കെട്ടിടങ്ങളില്‍ 256, ഫാമുകളില്‍ 153, പൊതു സേവന കേന്ദ്രങ്ങളില്‍ 122 എന്നിങ്ങനെ തീപ്പിടിത്തങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ 860-ലധികം തീപിടുത്തങ്ങള്‍ ഉണ്ടായപ്പോള്‍, അജ്മാനില്‍ 396 അപകടങ്ങളും ദുബായില്‍ 321 സംഭവങ്ങളും ഉണ്ടായതായം കണക്കുകള്‍ വ്യക്തമാക്കുന്നു.

ഷാര്‍ജയില്‍ 235ഉം ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ യഥാക്രമം 149, 148, 60 തീപ്പിടിത്തങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യ്‌പെട്ടത്. ഇവയില്‍ 20 എണ്ണം വലിയ തീപ്പിടിത്തങ്ങളായും 37 ഇടത്തരം തീപ്പിടിത്തങ്ങളായും ബാക്കിയുള്ളവ നിസ്സാരമായുമാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്.

അബുദാബിയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ സന്നദ്ധപ്രവര്‍ത്തകയായ ഫാത്തിമ അല്‍ ഹൊസാനി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് രാജ്യത്തെ തീപ്പിടിത്തങ്ങളമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് അധികൃതര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രിലില്‍ ദുബായിലെ അല്‍ റാസിലെ അല്‍ ഖലീജ് സ്ട്രീറ്റിലെ അഞ്ച് നിലകളുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കണക്കുകള്‍ അടിവരയിടുന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മേധാവി സാമി അല്‍ നഖ്ബി പറഞ്ഞു. തീപ്പിടിത്തം ഉണ്ടാകുന്നതു വരെ ആളുകള്‍ ദുരന്തത്തിന്റെ സാധ്യതയെ കുറച്ചുകാണുന്നു. അഗ്‌നി സുരക്ഷ ഒരിക്കലും നിസ്സാരമായി കാണരുത്- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വീടുകളില്‍ സ്‌മോക്ക് ഡിറ്റക്ടറുകളും അഗ്‌നിശമന ഉപകരണങ്ങളും സ്ഥാപിക്കേണ്ടതിന്റെയും ഇലക്ട്രിക്കല്‍ വയറിംഗ് പരിപാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അല്‍ നഖ്ബി പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. വൈദ്യുതി സോക്കറ്റുകള്‍ ഓവര്‍ലോഡ് ചെയ്യുന്നതും ഗുണനിലവാരം കുറഞ്ഞ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ഇത്തരം കേസുകളിലെ പ്രധാന വില്ലനെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

യുഎഇയുടെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ സജ്ജമാണ്. എന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍ കാത്തുനില്‍ക്കാതെ ആദ്യം തന്നെ അത് തടയുന്നതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം എല്ലായ്‌പ്പോഴും പ്രതികരണത്തേക്കാള്‍ നല്ലതാണ്. നിയമങ്ങള്‍ പാലിച്ചും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തും ഓരോരുത്തരും അവരവരുടെ പങ്ക് നിറവേറ്റുകയാണെങ്കില്‍, ഇത്തരം അപകടങ്ങള്‍ വലിയൊരുളവില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ആളുകളുടെ ഭാഗത്തു നിന്നുണ്ടാവുന്ന പിഴവും സുരക്ഷാ സംസ്‌കാരത്തിന്റെ അഭാവവുമാണ് തീപ്പിടിത്തങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നും അല്‍ നഖ്ബി പറഞ്ഞു. മികച്ച അഗ്‌നി സുരക്ഷാ അവബോധത്തിന്റെയും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നതിന്റെയും പ്രാധാന്യമാണ് രാജ്യത്തെ തീപ്പിടിത്ത സംഭവങ്ങളിലുണ്ടായ വര്‍ധനവ് ഊന്നിപ്പറയുന്നതായി അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ സുരക്ഷാസംസ്‌കാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് ചെറുപ്പം മുതലേ തുടങ്ങണം. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികള്‍ക്ക് എല്ലാ മേഖലകളിലുമുള്ള സുരക്ഷാ നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍, ക്ലാഡിംഗ്, കേബിളുകള്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്കായുള്ള അഗ്‌നി സുരക്ഷാ പരിശോധന നടപടിക്രമങ്ങള്‍ ഏകീകരിക്കാന്‍ ദുബായ് പദ്ധതിയിട്ടിരുന്നു. നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് വിതരണക്കാരും കരാറുകാരും തങ്ങളുടെ പ്രത്യേക ലാബില്‍ ഉല്‍പ്പന്നങ്ങള്‍ വിലയിരുത്തേണ്ടതുണ്ടെന്ന് എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

നേരത്തേ ഇത്തരം പരിശോധനകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്താമായിരുന്നു. നിര്‍മാണ് സാമഗ്രികള്‍ സ്വതന്ത്രമായി പരിശോധിച്ചിട്ടുള്ള കമ്പനികള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ എമിറേറ്റ്‌സ് സേഫ്റ്റി ലാബില്‍ വീണ്ടും പരിശോധന നടത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ടവറുകളിലും വീടുകളിലും സ്ഥാപിക്കുന്നതിന് മുമ്പ് വാതിലുകള്‍, ക്ലാഡിംഗ്, ഇലക്ട്രിക്കല്‍ കേബിളുകള്‍, ഡക്റ്റുകള്‍, വയര്‍ലെസ് അലാറം സംവിധാനങ്ങള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കുണമെന്നും ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.