അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 20 വര്‍ഷം മുമ്പു വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഇന്ധനം തീര്‍ന്നു പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു ഭൂമിയോടു അടുത്തുകൊണ്ടിരിക്കുകയാണ്. ഈ മാസം 23ന് ഇതു ഭൂമിയില്‍ പതിച്ചേക്കുമെന്ന് ബിഎം ബിര്‍ള സയന്‍സ് സെന്‍ട്രല്‍ അധികൃതര്‍ അറിയിച്ചു. ഇന്ധനം തീര്‍ന്ന ഉപഗ്രഹം 24ന് ഭൂമിയില്‍ പതിക്കുമെന്നായിരുന്നു നേരത്തെ നാസ നല്‍കിയ അറിയിപ്പ്.
ഭൂമിയില്‍ എത്തുന്നതിനുമുമ്പ് ഭൌമോപരിതലത്തില്‍വച്ചുതന്നെ ഉപഗ്രഹം ഒരുപക്ഷേ, കത്തിത്തീര്‍ന്നേക്കാമെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇതിനുള്ളിലെ 26 ഭാഗങ്ങള്‍ കത്താനുള്ള സാധ്യത കുറവാണെന്നും ഭൂമിയിലെ 800 കിലോമീറ്റര്‍ ചുറ്റളവില്‍ പതിച്ചേക്കാമെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും അപകടസാധ്യത വളരെ വിരളമാണത്രെ. അന്തരീക്ഷത്തിന്റെ ഉപരിഭാഗത്തെക്കുറിച്ചുള്ള പഠനത്തിനായി 1991ല്‍ വിക്ഷേപിച്ച അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച്(യുഎആര്‍എസ്) എന്ന ഉപഗ്രഹമാണു നിയന്ത്രണം നഷ്ടപ്പെട്ടു പതിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നും ബഹിരാകാശപേടകമായ ഡിസ്കവറി വഴിയാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.
35 അടി നീളവും 15 അടി വീതിയും(ഒരു ബസിന്റെയത്ര വലിപ്പം) ആറു ടണ്‍ ഭാരവുമുള്ള ഈ ഉപഗ്രഹം ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നു 2005ല്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഉപഗ്രഹത്തെ നാസ ഉപേക്ഷിച്ചു. അതില്‍പ്പിന്നെ ഭ്രമണപഥത്തില്‍നിന്നു വഴുതിയിറങ്ങാന്‍ തുടങ്ങിയ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. 100 ടണ്‍ ഭാരമുണ്ടായിരുന്ന അമേരിക്കയുടെ സ്കൈലാബും 135 ടണ്‍ ഭാരമുണ്ടായിരുന്ന റഷ്യയുടെ മിറുമാണ് ഇതിനുമുമ്പ് ഭൂമിയില്‍ അപകടഭീഷണിയുയര്‍ത്തിയത്. ഇതില്‍ സ്കൈലാബ് കഷണങ്ങളായി 1979ല്‍ ഭൂമിയില്‍ പതിച്ചെങ്കിലും യാതൊരു അപകടവുമുണ്ടായില്ല. മിര്‍ ആകട്ടെ 2001ല്‍ ശാന്തസമുദ്രത്തിലാണു പതിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല