
സ്വന്തം ലേഖകൻ: യുകെയില്‍ യൂബർ ആപ്പുവഴി ഇനി വിമാനടിക്കറ്റും ബുക്കുചെയ്യാം. ആഭ്യന്തര, വിദേശയാത്രകൾക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമാണ് ഒരേസമയം ഒരുക്കുന്നത്. പുതിയ സേവനം ഈ സമ്മറിൽ ബ്രിട്ടണിലെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും. യാത്രാവിവരങ്ങൾ നേരിട്ടു നൽകിയാണ് ബുക്കിങ് സാധ്യമാക്കുക.
ഫ്ലൈറ്റ് യാത്രയുമായി ബന്ധപ്പെട്ട അനുബന്ധ യാത്രകളും ഇതോടൊപ്പം ആപ്പിലൂടെ സാധ്യമാകും. നിലവിൽ ഗതാഗത മേഖലയിൽ നിരവധി സേവനങ്ങൾ യൂബർ ചെയ്യുന്നുണ്ട്. യൂബർ റൈഡുകൾ, തേംസ് ക്ലിപ്പേഴ്സിന്റെ യൂബർ ബോട്ട്, നാഷനൽ റെയിൽ നെറ്റ് വർക്കിലൂടെയുള്ള ട്രെയിൻ യാത്രകൾ, യൂറോ സ്റ്റാർ, നാഷനൽ എക്സ്പ്രസ്സ്, മെഗാ ബസ്, എന്നിവയിലെല്ലാം യൂബറിലൂടെ ടിക്കറ്റെടുക്കാം. ഇതിനൊപ്പമാണ് ഇനി ഫ്ലൈറ്റ് ബുക്കിങും സാധ്യമാകുന്നത്.
അതിനിടെ സോമർസെറ്റിൽ കനത്തമഴ മൂലം വെള്ളപ്പൊക്കം തുടരുന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ടിവന്നു. സോമർസെറ്റിലെ ക്വീൻ കാമൽ, മിൽവെർട്ടൺ, ഗാൽഹാംപ്ടൺ, നോർത്ത് കാഡ്ബറി, യാർലിംഗ്ടൺ, ബ്രിഡ്ഗാംപ്ടൺ, വെസ്റ്റ് കാമൽ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്.
വെള്ളപ്പൊക്കത്തെ തുടർന്നു പതിനഞ്ചിലധികം വീടുകളും പത്തോളം വ്യാപാര സ്ഥാപനങ്ങളുമാണ് ഒഴിപ്പിച്ചത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല