സ്വന്തം ലേഖകന്‍: ഡല്‍ഹി ഉബര്‍ ടാക്‌സി മാനഭംഗ കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തവും പിഴയും. രാജ്യം മുഴുവന്‍ സംസാര വിഷയമായ ഉബര്‍ ടാക്‌സിയിലെ ബലാത്സംഗക്കേസില്‍ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 21,000 രൂപ പിഴയും അടയ്ക്കണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജയുടേതാണ് വിധി.
ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ബലാത്സംഗത്തിനിരയായത്. രാത്രി ഇന്ദര്‍ലോകിലെ വീട്ടിലേക്കുപോവാന്‍ ഉബര്‍ ടാക്‌സി ബുക്കുചെയ്തതായിരുന്നു. യാത്രയ്ക്കിടയില്‍ യുവതിയെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
യാദവ് കുറ്റക്കാരനാണെന്ന് ഒക്ടോബര്‍ 20 ന് കോടതി കണ്ടെത്തിയിരുന്നു.
ക്രിമിനല്‍ മാനസികനിലയുള്ള ഒരാള്‍ക്കുമാത്രമേ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയൂവെന്ന് കോടതി നിരീക്ഷിച്ചു. മുമ്പും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രതിക്ക് കടുത്ത ശിക്ഷനല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
പ്രതിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട കോടതി വേണ്ട സഹായം ചെയ്യാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല