സ്വന്തം ലേഖകന്‍: ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ. തിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ കഴിഞ്ഞദിവസം പൊളിച്ചു നീക്കാനാരംഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥാവകാശം പല കൈമറിഞ്ഞ് ആലപ്പുഴ സ്വദേശിയുടെ കൈകളിലെത്തിയിരുന്നു. എന്നാല്‍, അടുത്തിടെ വിദേശമലയാളികള്‍ വാങ്ങിയതോടെയാണ് സ്റ്റുഡിയോ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്.
ഉദയാ സ്റ്റുഡിയോയ്ക്ക് മുന്നില്‍ സ്ഥിതി ചെയ്തിരുന്ന കന്യാമറിയത്തിന്റെ ശില്പം കഴിഞ്ഞദിവസം പൊളിച്ചു നീക്കിയിരുന്നു. മലയാള സിനിമയ്ക്ക് പശ്ചാത്തലഭംഗിയൊരുക്കി, പന്ത്രണ്ട് ഏക്കറില്‍ നിറഞ്ഞുനിന്ന ഉദയാ സ്റ്റുഡിയോയില്‍ അക്കാലത്ത് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പ്രേംനസീര്‍ കോട്ടേജ്, രാഗിണി കോട്ടേജ് തുടങ്ങി താരങ്ങള്‍ തങ്ങുന്ന വീടുകള്‍, നീരൊഴുക്ക്, കോട്ടയുടെയും കൂറ്റന്‍ കെട്ടിടങ്ങളുടെയും സെറ്റിടാന്‍ പറ്റിയ ഫ്‌ലോറുകള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് സൗകര്യം, അങ്ങനെ ഒരു സിനിമയ്ക്കുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും അടങ്ങിയതായിരുന്നു ഉദയ. അടുത്തിടെ വരെ ഇവിടെ സീരിയലുകളുടെ ചിത്രീകരണവും നടന്നിരുന്നു.
1947 ക്രിസ്മസ് ദിനത്തിലാണ് നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ നേതൃത്വത്തില്‍ ഉദയാ സ്റ്റുഡിയോയ്ക്ക് തറക്കല്ലിടുന്നത്. 1949 ജനുവരി 14ന് ഉദയായുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം പുറത്തിറങ്ങി. പിന്നീടങ്ങോട്ട് നാലു പതിറ്റാണ്ടിലധികം മലയാള സിനിമയുടെ അവിഭാജ്യഘടകമായി ഉദയാ സ്റ്റുഡിയോ മാറി.
1976ല്‍ കുഞ്ചാക്കോ അന്തരിച്ചതോടെ ഉദയായുടെ സാരഥ്യം മകന്‍ ബോബന്‍ കുഞ്ചാക്കോ ഏറ്റെടുത്തു. ബോബന്‍ കുഞ്ചാക്കോയും ഉദയായുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചു. ഇടയ്ക്ക് എക്‌സല്‍ ഗ്ലാസ് ഫാക്ടറിയും നടത്തി. പിന്നീട്, സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലം സ്റ്റുഡിയോയുടെ കുറച്ച് ഭാഗം വിറ്റു. വി.ജെ.ടി. ഫിലിംസാണ് അന്ന് സ്റ്റുഡിയോ വാങ്ങിയത്.
1987 ല്‍ ഉദയാചിത്രങ്ങളിലെ ഒരുപിടിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കി ഒരു സിനിമ പിറന്നു. അനശ്വരഗാനം. ബോബന്‍ കുഞ്ചാക്കോ അണിയിച്ചൊരുക്കിയ ആ ചിത്രമായിരുന്നു ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
2004ല്‍ ബോബന്‍ കുഞ്ചാക്കോ മരിച്ചു. സ്റ്റുഡിയോ കെട്ടിടവും സ്ഥലവും കൈമറിഞ്ഞ് പോയെങ്കിലും ഉദയായുടെ പേരും എംബ്ലവും ഇപ്പോഴും കുഞ്ചാക്കോയുടെ ഉടമസ്ഥാവകാശത്തില്‍ തന്നെയാണ്. ‘കറങ്ങുന്ന ഭൂഗോളവും കൂവിയുണര്‍ത്തുന്ന പൂവന്‍കോഴി’യുമാണ് ഉദയായുടെ എംബ്ലം. 2016ല്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദയായുടെ ബാനറില്‍ ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന പേരില്‍ സിനിമ നിര്‍മിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല