സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. തുടർഭരണം മുന്നിൽ കണ്ടുള്ള പ്രകടനപത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും, വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളുമാണ് എൽഡിഎഫ് സർക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് പ്രകടനപത്രികയിലില്ലാത്തതെന്നു കാനം രാജേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാരിൻറെ നിലപാട് അതാണെന്നും എ.വിജയരാഘവനും വ്യക്തമാക്കി.
രണ്ട് ഭാഗമായാണ് പത്രിക. ആദ്യ ഭാഗത്ത് 50 ഇന പരിപാടിയാണ് പ്രഖ്യാപിച്ചത്. 50 ഇന പരിപാടി നടപ്പിലാക്കുന്നതിനുള്ള 900 നിർദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്ത്. ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനാണ്. 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങളാണ് പത്രികയിലുള്ളത്. കൂടുതൽ നിയമനങ്ങൾ പിഎസ്സിക്ക് വിടും. കാർഷിക മേഖലയിലെ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളുമുണ്ട്.
പ്രധാന വാഗ്ദാനങ്ങൾ:
ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും. വീട്ടമ്മമാർക്കു പെൻഷൻ നൽകും.
60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടികൾ നടപ്പിലാക്കും. പ്രവാസി പുനരധിവാസത്തിനു മുൻഗണന നൽകും.
റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും.
തീരദേശ വികസനത്തിനു 5000 കോടിരൂപയുടെ പാക്കേജ് നടപ്പിലാക്കും. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകും. കടലാക്രമണം ചെറുക്കുന്നതിനടക്കം ശാസ്ത്രീയ മാർഗങ്ങൾ കൊണ്ടുവരും
വയോജികരുടെ പ്രശ്നങ്ങൾക്കു പ്രധാന പരിഗണന നൽകും. അടുത്ത 5 വർഷം ഒന്നര ലക്ഷം വീടുകൾ നിർമിക്കും. ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്.
അഞ്ചു വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങൾ കൊണ്ടുവരും. സൂക്ഷ്മ സംരംഭങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും.
സോഷ്യൽ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും.
വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഗ്രിഡ് പദ്ധതി
കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തും
ഓരോ വർഷവും പ്രോഗ്രസ് കാർഡ് പുറത്തിറക്കും.
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ന്യായ് പദ്ധതിയും ആചാര സംരക്ഷണത്തിന് നിയമനിര്‍മാണവും ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ജനങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് യുഡിഎഫ് പ്രകടന പത്രികയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ന്യായ് പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ നൽകും, ഇത്തരത്തിൽ ആകെ ഒരു വര്‍ഷം 72000 രൂപയാകും നൽകുക. ക്ഷേമപെന്ഷന് 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ പെൻഷൻ കമ്മീഷന് രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങളും പ്രകടന പത്രികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശശി തരൂർ എംപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ആശയങ്ങള്‍ സ്വരൂപിച്ചാണ് പ്രകടന പത്രിക രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേമ പെന്ഷന്, തൊഴിലവസരം തുടങ്ങി ജനക്ഷേമ പദ്ധതികളില്‍ ഇടതുപക്ഷത്തെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് ഉള്ളത്.
പ്രധാന വാഗ്ദാനങ്ങൾ
ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി.
എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി.
കേരളത്തിലെങ്ങും ബിൽ രഹിത ആശുപത്രികള്‍.
കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്
റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില
അഞ്ചു ലക്ഷം പേര്‍ക്ക് വീട്
കാരുണ്യ ചികിത്സാ പദ്ധതി പുനഃരാരംഭിക്കും
ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം
വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും
പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും
ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും
സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും
കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപികരിക്കും
സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല