സ്വന്തം ലേഖകന്‍: യുവേഫ യുറോപ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബായ സെവിയ്യ സ്വന്തമാക്കി. ഫൈനലില്‍ യുക്രൈന്‍ ക്ലബ്ബ് നിപ്രൊപെട്രോസ്‌കിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെവിയ്യ പരാജയപ്പെടുത്തിയത്. സെവിയ്യയുടെ നാലാം യുറോപ ലീഗ് കിരീടമാണിത്.
പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാഴ്‌സയായിരുന്നു ഫൈനല്‍ വേദി. സെമിയില്‍ ഇറ്റാലിയന്‍ ടീമായ നാപോളിയെ വീഴ്ത്തിയ യുക്രൈന്‍ ടീമിന് പക്ഷെ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെവിയ്യയെ തോല്‍പ്പിക്കാനായില്ല. രണ്ടിനെതിര മൂന്നുഗോളുകള്‍ക്ക് വിജയിച്ച് സെവിയ്യ കപ്പുയര്‍ത്തി. കൊളംബിയന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ബക്കയുടെ ഇരട്ട ഗോളുകളാണ് സെവിയ്യക്ക് വിജയം സമ്മാനിച്ചത്.
തുടക്കം മുതല്‍ അവസാനം വരെ മികച്ച കളി പുറത്തെടുത്ത യുക്രൈന്‍ ക്ലബ്ബ് നിപൊപെട്രോസ്‌കിയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയതും. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സെവിയ്യ അധികം വൈകാതെ സമനില നേടി. പിന്നീട് ബക്കയിലൂടെ ഒരു ഗോളുകൂടി നേടി സെവിയ്യ നില ഭദ്രമാക്കി. പക്ഷെ സെവിയ്യന്‍ ആരാധകരുടെ മുഖത്ത് ഇരുള്‍ വീഴ്ത്തിക്കൊണ്ട് പെട്രൊസ്‌കിയുടെ രണ്ടാം ഗോള്‍ പിറന്നതോടെ മത്സരം വീണ്ടും പിരിമുറുക്കത്തിലായി.
വീണ്ടും സമനിലയിലായതോടെ വിജയത്തിനായുള്ള പോരാട്ടമായിരുന്നു പിന്നീട്. ഒടുവില്‍ ബക്കയുടെ രണ്ടാം ഗോള്‍ സെവിയ്യക്ക് അന്തിമ വിജയം സമ്മാനിച്ചു. നാലുതവണ കപ്പുയര്‍ത്തി ചരിത്രം കുറിച്ചതൊടൊപ്പം അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തിന് യോഗ്യതയും നേടി സെവിയ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല