സ്വന്തം ലേഖകൻ: ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്ലിം വിഭാഗത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ തുടര്‍ന്ന് ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ നിന്ന് പിന്‍മാറാതെ അമേരിക്ക. ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനൊപ്പം 28 ചൈനീസ് സര്‍ക്കാര്‍ സംഘടനകളെയും കമ്പനികളെയും യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
യാത്രാ വിലക്കിനോട് ചൈന രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഷിന്‍ജിയാങ് ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അവിടെ അമേരിക്ക ആരോപിക്കുന്നതുപോലെയുളള മനുഷ്യാവകാശ പ്രശ്നങ്ങളില്ലെന്നും ചൈനീസ് വക്താവ് തിരിച്ചടിച്ചു. യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായുളള അമേരിക്കയുടെ തീരുമാനത്തില്‍ ശക്തമായ ഭാഷയില്‍ ചൈന പ്രതിഷേധം അറിയിച്ചു. നിലവില്‍ യുഎസ് -ചൈന വ്യാപാര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഷിന്‍ജിയാങ് വിഷയത്തിലെ അമേരിക്കയുടെ ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയേക്കും.
ഷിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്ലിംകളുടെ മനുഷ്യാവകാശം ചൈനീസ് സര്‍ക്കാര്‍ ലംഘിക്കുന്നുവെന്ന് അമേരിക്കന്‍ വാണിജ്യ വകുപ്പ് കുറ്റപ്പെടുത്തി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളും കമ്പനികളും ചൈനീസ് സര്‍ക്കാറിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും യുഎസ് ആരോപിച്ചു. ഷിന്‍ജിയാങ് പ്രവിശ്യയിലെ പൊതുസുരക്ഷ വിഭാഗമടക്കം 19 സര്‍ക്കാര്‍ ഏജന്‍സികളെയും ഹിക്ക് വിഷന്‍, ദഹുവ ടെക്നോളജി, മെഗ്‍വില്‍ ടെക്നോളജി തുടങ്ങിയ ടെക് കമ്പനികളെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.
ഉയിഗൂര്‍ ന്യൂനപക്ഷത്തെ ചൈന ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ക്യാമറ നിര്‍മാതക്കളാണ് ഹിക്ക് വിഷന്‍. അതേസമയം, ചൈനക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അമേരിക്കയുടെ പുതിയ നീക്കമെന്ന് ചൈന കുറ്റപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലെ ചൈനയുടെ വളര്‍ച്ച തടയുന്നതിന്‍റെ ഭാഗമായാണ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ചൈന പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല