1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2024

സ്വന്തം ലേഖകൻ: സൗത്ത് ലണ്ടനിലെ ക്ലാപ്പമില്‍ അമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും നേരെ കെമിക്കല്‍ ആക്രമണം നടത്തിയ പ്രതി തേംസ് നദിയില്‍ ചാടി മരിച്ചെന്ന് പൊലീസ്. സംഭവം നടന്ന് പത്തു ദിവസത്തോളമായിട്ടും പ്രതി അബ്ദുള്‍ ഷുക്കൂര്‍ എസീദി എവിടേക്ക്് പോയെന്നതു സംബന്ധിച്ച് ഒരു തുമ്പും പൊലീസിന് കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വന്‍തോതില്‍ വിമര്‍ശനവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇതുവരെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ ഷുക്കൂര്‍ എസീദി തേംസ് നദിയില്‍ ചാടി മരിച്ചിരിക്കാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കമാന്‍ഡര്‍ ജോണ്‍ സാവെല്‍ തന്നെയാണ് ഇത്തരമൊരു സാധ്യത വ്യക്തമാക്കിയത്. ആയിരക്കണക്കിന് സിസിടിവി ക്യാമറകളും കനത്ത പൊലീസ് സുരക്ഷയുമുള്ള നഗരമാണ് ലണ്ടന്‍. അവിടെയാണ് ഇത്തരമൊരു ആക്രമണം നടന്നിട്ട് പ്രതിയെ പിടികൂടാനാകാതെ പോയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് പ്രതി പോയ വഴിയെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നപ്പോഴാണ് തേംസ് നദിയ്ക്ക് കുറുകെയുള്ള ചെല്‍സി ബ്രിഡ്ജിലെ സിസിടിവിയില്‍ ഇയാള്‍ അവസാനമായി പതിഞ്ഞത്.

പാലത്തിനോടു ചേര്‍ന്ന് നടന്നിരുന്ന ഇയാള്‍ പെട്ടെന്ന് അപ്രത്യക്ഷനാകുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. തേംസിനു സമീപത്തുകൂടി നാലു കിലോമീറ്ററോളം ഇയാള്‍ നടക്കുന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്തുവായിച്ചാണ് നദിയില്‍ ചാടി ഇയാള്‍ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ ഇയാളുടെ മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അബ്ദുള്‍ ഷുക്കൂര്‍ എസാദി അഫ്ഗാന്‍ വംശജനാണ്. നേരത്തെ രണ്ടു തവണ ഇയാള്‍ക്ക് യുകെയില്‍ തുടരുന്നതിനുള്ള അനുമതി നിഷേദിച്ചിരുന്നു. പിന്നീട് 2021 ലോ 2022ലോ ആയിരുന്നു ഇയാള്‍ക്ക് യുകെയില്‍ തുടരുവാനുള്ള ലീവ് ടു റിമെയ്ന്‍ നല്‍കിയത്. ജനുവരി 31ന് ബുധനാഴ്ച്ച വൈകുന്നേരം തെക്കന്‍ ലണ്ടനിലെ കാല്‍ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്.

അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഈ അമ്മയുടെ അടുപ്പക്കാരനായിരുന്നു 35 കാരനായ എസിദി എന്നാണ് റിപ്പോര്‍ട്ട്. സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ ഇയാളുടേതല്ല. ആക്രമണം നടത്താനായി ന്യു കാസിലില്‍ നിന്നും ബുധനാഴ്ച്ചയെത്തിയ അയാള്‍ അവിടേക്ക് തന്നെ തിരിച്ചു പോയിരിക്കും എന്നാണ് പോലീസ് കരുതിയത്. എന്നാല്‍ അതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പിന്നീട് വന്നില്ല. ആക്രണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോഴും ചികില്‍സയിലാണ്. ചികില്‍സയ്ക്കു ശേഷം കുട്ടികള്‍ ആശുപത്രി വിട്ടു.

2016ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലോറിയില്‍ ബ്രിട്ടനിലെത്തിയതാണ് പ്രതിയായ അബ്ദുള്‍ ഷുക്കൂര്‍ എസീദി. 2018ല്‍ ഒരു ലൈംഗീകാതിക്രമ കേസില്‍ ഇയാള്‍ പൊലീസ് പിടിയിലായിരന്നു. രണ്ടു തവണ അഭയാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട എസീദി 2021 ഏപ്രില്‍ 29 നും 2022 മാര്‍ച്ച് രണ്ടിനും ഇടയിലായി ആക്ഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ കീഴിലുള്ള ഒരിടത്ത് താമസിക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് സഹായവും പിന്തുണയും നല്‍കിവരുന്ന ഒരു സംഘടനയാണിത്. അതിനു ശേഷം അയാള്‍ ന്യുകാസിലിലെ മറ്റൊരിടത്തേക്ക് മാറിയതായി ചാരിറ്റി സംഘടന പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.