സ്വന്തം ലേഖകന്‍: സിറിയന്‍ തര്‍ക്കത്തില്‍ റഷ്യക്കെതിരെ അമേരിക്കയുടെ പക്ഷം ചേര്‍ന്ന് തെരേസാ മേയ്; സൈനിക നടപടിക്ക് മുന്നോടിയായി അടിയന്തിര മന്ത്രിസഭാ യോഗം. രാസായുധങ്ങള്‍ ഉപയോഗിച്ച് സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ബാഷര്‍ അല്‍ സദിന്റെ നടപടികള്‍ക്കെതിരെ അമേരിക്ക സൈനിക നടപടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ചു.
അമേരിക്കയുടെ സൈനിക നീക്കങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിഷവാതകം ഉപയോഗിച്ചുവെന്നതിന് തെളിവ് വേണമെന്ന് തെരേസാ മേയ് ആവശ്യപ്പെട്ടിരുന്നു. കോമണ്‍സിന്റെ അഭിപ്രായം തേടിയ ശേഷമാകാം യുദ്ധമെന്ന ഉപദേശം തള്ളിക്കളഞ്ഞാണ് തെരേസ മേയ് സിറിയയില്‍ സൈനിക നടപടിക്ക് മുതിരുന്നത്. അമേരിക്ക നയിക്കുന്ന അക്രമണത്തില്‍ പങ്കാളിയാകാന്‍ മന്ത്രിമാരുടെ പിന്തുണ തേടാനാണ് അടിയന്തിര യോഗമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാസായുധങ്ങള്‍ പ്രയോഗിക്കുന്നവരെ വെറുതെവിടാന്‍ കഴിയില്ലെന്നും നിലവില്‍ ലഭ്യമായിട്ടുള്ള തെളിവുകളെല്ലാം ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിന് നേര്‍ക്ക് വിരല്‍ചൂണ്ടുകയാണെന്നും തെരേസാ മേയ് പറഞ്ഞു. സിറിയയെ ലക്ഷ്യമാക്കി ബ്രിട്ടീഷ് അന്തര്‍വാഹിനികള്‍ നീങ്ങാന്‍ സൈനിക മേധാവികള്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ അനുമതി തേടാതെ തന്നെ അക്രമണങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കിയതോടെ റഷ്യയില്‍ നിന്നും ഇക്കാര്യത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ശക്തമായി.
സാലിസ്ബറി രാസായുധ പ്രയോഗത്തില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന റഷ്യ, ബ്രിട്ടന്‍ നയതന്ത്ര ബന്ധം ഇതോടെ കൂടുതല്‍ വഷളാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ റഷ്യയും, ഇറാനും മാത്രമാണ് സിറിയന്‍ പ്രസിഡന്റ് അസദിനെ പിന്തുണയ്ക്കുന്നയ്ക്കുന്നത്. റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ ആശ്രയിച്ചാണ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ നിലനില്‍പ്പ്. സിറിയയ്ക്ക് നേരെ വരുന്ന മിസൈലുകള്‍ ആരുടേതായാലും വെടിവെച്ചിടുമെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല