സ്വന്തം ലേഖകൻ: യുകെയിലെ ആയിരക്കണക്കിന് വിമാനയാത്രക്കാര്‍ക്ക് ദുരിതം വിതച്ചു എയര്‍ട്രാഫിക്ക് കണ്‍ട്രോളിലുണ്ടാകുന്ന തടസങ്ങള്‍ മൂലം വ്യോമഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയില്‍. തിങ്കളാഴ്ച ഉണ്ടായ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായിട്ടില്ല.
കാലതാമസം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോസസ്സ് ചെയ്യാന്‍ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവന്നു.
സൈബര്‍ ആക്രമണം മൂലമാണ് തകരാര്‍ സംഭവിച്ചതെന്ന സൂചനകളൊന്നും ഇല്ലെന്ന് നാറ്റ്സ് സ്ഥിരീകരിച്ചു. സംഭവം സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അന്വേഷിക്കും. ഒരു ഫ്രഞ്ച് എയര്‍ലൈന്‍ സമര്‍പ്പിച്ച ഫ്ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് പിന്നില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അത് സ്ഥിരീകരിക്കാന്‍ സാധ്യമല്ലെന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫ് പറഞ്ഞു.
ഗതാഗത സെക്രട്ടറിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നാറ്റ്സ് സിസിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിന്റെ നിഗമനം പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റുകളുടെ ബാക്ക്‌ലോഗ് ലഘൂകരിക്കുന്നതിനായി എല്ലാ യുകെ വിമാനത്താവളങ്ങളിലേക്കും രാത്രി പറക്കുന്നതിന് അനുമതി നല്‍കിയതായി ഗതാഗത വകുപ്പ് അറിയിച്ചു.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു. ഗാറ്റ്വിക്കില്‍ 75, ഹീത്രൂവില്‍ 74, മാഞ്ചസ്റ്ററില്‍ 63, സ്റ്റാന്‍സ്റ്റെഡില്‍ 28, ലൂട്ടണില്‍ 23, എഡിന്‍ബര്‍ഗില്‍ 18 എന്നിങ്ങനെ 281 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല