1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2023

സ്വന്തം ലേഖകൻ: 2024 ൽ യുകെയിലെ വ്യോമഗതാഗത മേഖലയിൽ വരാനിരിക്കുന്നത് വൻ അഴിച്ചുപണി. ഈ മാറ്റങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ലാത്തത് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. യുകെ മലയാളികളില്‍ ഭൂരിപക്ഷത്തിനും ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും സുരക്ഷാ മുന്‍കരുതലുകളുടെ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നടപ്പില്‍ വരുത്തുന്നതെങ്കിലും അത് യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ നിരവധിയാണ് .

ഏതായാലും അടുത്തവര്‍ഷം മുതല്‍ യുകെയുടെ വ്യോമ ഗതാഗത നിയമങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായകമായ മാറ്റങ്ങള്‍ വരും. ഹാന്‍ഡ് ലഗേജില്‍ 2 ലിറ്റര്‍ വരെ കുടിക്കാനുള്ള വെള്ളം ഉള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ കൊണ്ടുപോകാമെന്നതാണ് പ്രധാനമായ മാറ്റം. നേരത്തെ ഇത് 100 മില്ലി ലിറ്റര്‍ മാത്രമായിരുന്നു.

ബോര്‍ഡിങ് പാസ് കിട്ടി വിമാനത്തില്‍ പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്ന സമയത്ത് പെട്ടെന്ന് ദാഹം മാറ്റാന്‍ ഇതുമൂലം യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുട്ടികളുമായി മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലെ നിയമം കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത് . ഇതിനു മാറ്റം വരുകയാണ്.

ഇത് കൂടാതെ വലിയ ടോയ്‌ലറ്ററികള്‍ കൊണ്ടുപോകാനും യാത്രക്കാര്‍ക്ക് അനുവാദം ഉണ്ട് . ഇത് മൂലം ചിലവ് കൂടിയ പാക്കേജ് ടോയ്ലറ്ററികള്‍ വാങ്ങുന്നത് ഒഴിവാക്കാനാവും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ പാസ്പോര്‍ട്ടിന് 10 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമെ പാടുള്ളൂ എന്ന പുതിയ നിയമവും നിലവില്‍ വരും.

ബ്രെക്സിറ്റ് നിലവില്‍ വന്നതിനു ശേഷം യുകെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം നിലവില്‍ വന്നിരിക്കുന്നത്. പല നിയമങ്ങളെക്കുറിച്ചും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് തന്നെ വ്യക്തത കുറവ് ഉള്ള സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ടു യാത്രക്കാര്‍ തങ്ങളുടെ പക്കല്‍ വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിരിക്കണമെന്ന മുന്നറിയിപ്പാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രധാനമായും നല്‍കുന്നത്. യുകെയില്‍ നിന്ന് രണ്ട് ലിറ്റര്‍ വെള്ളം ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാമെങ്കിലും തിരിച്ചുള്ള യാത്രയില്‍ അതാതു രാജ്യത്തിന്റെ നിയമം അനുസരിക്കാൻ യാത്രക്കാര്‍ ബാധ്യസ്ഥരാണ് എന്നതും ഓർക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.