സ്വന്തം ലേഖകൻ: വിമാനയാത്രയില്‍, കൈയ്യില്‍ കരുതുന്ന ബാഗില്‍ കൊണ്ടു പോകാവുന്ന ദ്രവ രൂപത്തിലുള്ള വസ്തുക്കള്‍ക്ക് ഉള്ള 100 എം എല്‍ പരിധി ഇനിയും കുറച്ചു കാലം കൂടി തുടരും. പുതിയ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലപരിധി സര്‍ക്കാര്‍ നീട്ടി നല്‍കിയതോടെയാണിത്. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളില്‍ പുതിയ സ്‌കാനറുകള്‍ നേരത്തേ അറിയിച്ചതു പോലെ ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തനക്ഷമമാകില്ല എന്നറിയുന്നു. ഒരു വര്‍ഷം വരെ ഇത് താമസിച്ചേക്കാം എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലാവധി നീട്ടി ലഭിക്കുന്നതിനായി ഒരോ വിമാനത്താവളങ്ങളും പ്രത്യേകം പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. അതായത്, ലാപ്‌ടോപ്പുകളും, ദ്രവരൂപത്തിലുള്ള വസ്തുക്കളും നീക്കുന്നത് 2025 ജൂണ്‍ വരെ തുടര്‍ന്നേക്കാം എന്നര്‍ത്ഥം. ടീസിസൈഡ്, ലണ്ടന്‍ സിറ്റി, ബിര്‍മ്മിംഗ്ഹാം, ന്യൂകാസില്‍ എന്നിവ പോലുള്ള ചെറിയ വിമാനത്താവളങ്ങളില്‍ പുതിയ സെക്യൂരിറ്റി സ്‌ക്രീനിംഗ് സാങ്കേറ്റിക വിദ്യ സ്ഥാപിച്ചു കഴിഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച സമയത്തു തന്നെ ഇവ പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് കരുതുന്നത്. കാതലായ കാരണങ്ങള്‍ കൊണ്ടാണ് വലിയ വിമാനത്താവളങ്ങളില്‍ കാലതാമസം ഉണ്ടാകുന്നതെന്ന് ഗതാഗത വകുപ്പ് വക്താവ് അറിയിച്ചു. കാലതാമസം വരുത്തുന്ന വിമാനത്താവളങ്ങള്‍ക്ക് മേല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പിഴ ചുമത്തുമെന്നും വക്താവ് പറഞ്ഞു.
ദ്രവരൂപത്തിലുള്ള വസ്തുക്കള്‍ 100 എം എല്ലോ അതില്‍ കുറവോ ഉള്ള കുപ്പികളില്‍, സുതാര്യമായ പ്ലാസ്റ്റിക് കവറില്‍ കൊണ്ടു പോകണം എന്ന നിയമം 2006-ല്‍ ആയിരുന്നു നിലവില്‍ വന്നത്. പുതിയ സി ടി എക്‌സ് റേ സാങ്കേതിക വിദ്യ വസ്തുക്കളുടെ ത്രിമാന ചിത്രം നല്‍കുമെന്നതിനാല്‍ ഇവ ബാഗിനുള്ളില്‍ വെച്ചു തന്നെ സ്‌കാന്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല, രണ്ട് ലിറ്റര്‍ ദ്രാവകം വരെ കൊണ്ടുപോകുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട് നേരത്തെ 2022 ഓടെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ സ്‌കാനറുകള്‍ സ്ഥാപിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് അത് ഈ വര്‍ഷം ജൂണ്‍ 1 വരെ നീട്ടുകയായിരുന്നു.
വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളുമ്മ് ഇത് സ്ഥാപിക്കുന്നതിനായി വലിയ രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ് കാലതാമസത്തിന് കാരണമായി വിമാനത്താവളാധികൃതര്‍ പറയുന്നത്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സി ടി സ്‌കാനറുകള്‍ക്ക് സമാനമായ എക്‌സ് റേ മെഷിനുകള്‍ ഭാരമേറിയവ ആയതിനാല്‍ ചിലപ്പോള്‍ നിലം പുതുക്കി പണിയേണ്ടതായും വന്നേക്കാം.
ഏതായാലും, പുതിയ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിലെ സങ്കീര്‍ണതകള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയതില്‍ സന്തോഷമുണ്ടെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് കരേന്‍ ഡീ പറഞ്ഞു. വിമാനയാത്രയില്‍ കൂടെ കൊണ്ടു പോകാവുന്ന ദ്രാവക രൂപത്തിലുള്ള ലഗേജിന്റെ അളവ് കൂട്ടിയിട്ടുണ്ടെങ്കിലും, നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തുള്ള നിയമം കൂടി യാത്രക്ക് മുന്‍പായി പരിശോധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല