1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2023

സ്വന്തം ലേഖകൻ: പ്രിയഗായകൻ അനിൽ ചെറിയാന് അന്ത്യയാത്രാമൊഴി നൽകി യുകെ മലയാളികൾ. വാട്ടര്‍ലൂവിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ് സെന്റ് പീറ്റര്‍ ദ അപ്പോസ്തല്‍ ചർച്ചിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ അന്ത്യോപചാരം അർപ്പിക്കാൻ ഇന്നലെ എത്തിച്ചേർന്നിരുന്നു. സൗഹൃദങ്ങൾക്കും ഏറെ വിലകൽപ്പിച്ചിരുന്ന അനിൽ ചെറിയാൻ, 36 വയസ്സിന്റെ യൗവനത്തിൽ മടങ്ങുമ്പോൾ, ഭാര്യ ജോമിക്കും കുട്ടികൾക്കും ബന്ധുക്കൾക്കും ഒപ്പം സുഹൃത്തുക്കളും കണ്ണീരടക്കാൻ പാടുപെട്ടു.

ഇന്നലെ രാവിലെ 11.30 തോടെ വാട്ടര്‍ലൂവിലെ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ് സെന്റ് പീറ്റര്‍ ദ അപ്പോസ്തലില്‍ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. പതിവുവിട്ട് ഫ്യൂണറൽ ഡയറക്ടർമാർക്കൊപ്പം അനിലിന്റെ സുഹൃത്തുക്കളും മൃതദേഹം പേടകം പള്ളിയിലേക്ക് വഹിച്ചുവെന്നത് അദ്ദേഹത്തോടുള്ള അപൂർവ്വ സ്നേഹാർച്ചനയുമായി മാറി. 11.30 തോടെ വിശുദ്ധ കുര്‍ബ്ബാന അർപ്പിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അന്ത്യകർമ്മ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഒരുമണിയോടെയാണ് പൊതുദര്‍ശനം ആരംഭിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സഹപ്രവർത്തകരും അനിലിന്റെ പാട്ടുകളുടെ ആരാധകരും അടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഉച്ചയ്ക്ക് 1.45ന് മൃതദേഹം പള്ളിയിൽ നിന്ന് വിലാപയാത്രയായി വാര്‍ബ്ലിംഗ്ടണ്‍ സെമിത്തേരിയില്‍ എത്തിച്ചു. അന്തിമകർമ്മങ്ങൾ പൂർത്തിയാക്കി, മരിക്കാത്ത ഓർമ്മകളിൽ പ്രിയ ഗായകന് അന്ത്യയാത്രാമൊഴിയെകി യുകെ മലയാളി സമൂഹം കണ്ണീരോടെ വിടയേകി.

ഈമാസം ഏഴാം തീയതി പുലർച്ചയോടെയാണ് പോർട്സ് മൗത്ത് ക്യൂൻ അലക്‌സാൻഡ്ര എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അനില്‍ മരണമടഞ്ഞത്. ഭാര്യ ജോമി, ഹാംഷെയർ കൗണ്ടി കൗൺസിലിന്റെ സൗത്താംപ്ടണിലെ ഫോറസ്റ്റ് കോർട്ട് കെയർഹോം ഡപ്യൂട്ടി മാനേജരാണ്. ഇവിടെത്തന്നെ നൈറ്റ് കെയർ കോ ഓർഡിനേറ്ററും കെയററുമായി ജോലിചെയ്യുകയായിരുന്നു അനിൽ.

വിദ്യാർഥികളായ ഹെവന്‍, 10, ഹെയസില്‍, 7, എന്നിവരാണ് മക്കൾ. കുടമാളൂർ തോപ്പിൽ വീട്ടിൽ ജോയി ജോസഫ്, മേരിക്കുട്ടി ജോയി എന്നിവരാണ് മാതാപിതാക്കൾ. യുകെ ഡെവണിലുള്ള അജോ ചെറിയാൻ, ജോമി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്. പോർട്സ്മൗത്തിന് സമീപമുള്ള വാട്ടർലൂവില്ലെയിൽ ആയിരുന്നു അനിലും ഭാര്യ ജോമിയും കുട്ടികളുമായി താമസിച്ചിരുന്നത്. 15 വർഷക്കാലം നീണ്ട യുകെ ജീവിതത്തിൽ, ഒരായുസ്സിലേക്ക് വേണ്ട അനുഭവങ്ങളുമായാണ് അനിൽ മടങ്ങിയത്.

2008ൽ സ്റ്റുഡൻറ് വീസയിലാണ് കോട്ടയം കുടമാളൂർ സ്വദേശിയായ അനിൽ ചെറിയാൻ യുകെയിലെത്തിയത്. സ്വന്തമായി രൂപംകൊടുത്ത സിംഫണി ഓർക്കസ്ട്ര എന്ന ട്രൂപ്പിലൂടെ യുകെ മലയാളികൾക്കിടയിൽ ഗായകനെന്ന നിലയിൽ അനിൽ വളരെ വേഗം പ്രശസ്തനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.