സ്വന്തം ലേഖകൻ: യുകെ മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയും ഗായകനുമായ അനിൽ ചെറിയാൻ (36) അന്തരിച്ചു. യുകെ പോർട്സ്മൗത്തിന് സമീപമുള്ള വാട്ടർലൂവില്ലെയിൽ കുടുംബമായി താമസിച്ചിരുന്ന അനിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പോർട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്.
ഹാംഷെയർ കൗണ്ടി കൗൺസിലിന്റെ സൗത്താംപ്ടണിലെ ഫോറസ്റ്റ് കോർട്ട് കെയർ ഹോം ഡപ്യൂട്ടി മാനേജരായ ജോമി അനിലാണ് ഭാര്യ. വിദ്യാർഥികളായ ഹെവന്‍(10), ഹെയസില്‍(7) എന്നിവരാണ് മക്കൾ. ഫോറസ്റ്റ് കോർട്ട് കെയർ ഹോമിലെ ജീവനക്കാരൻനായിരുന്ന അനിൽ 2008 ലാണ് യുകെയിൽ എത്തുന്നത്. സിംഫണി ഓര്‍ക്കസ്ട്രയിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന അനിൽ ചെറിയാന്റെ വേർപാട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
ഹോസ്പിറ്റലിൽ പ്രവേശിക്കും മുൻപ് വരെ സിംഫണിയിലൂടെ സജീവമായിരുന്ന അനിലിന്റെ വിയോഗം മലയാളി സമൂഹത്തിന് ഏറെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. കുടമാളൂർ തോപ്പിൽ വീട്ടിൽ ജോയി ജോസഫ്, മേരിക്കുട്ടി ജോയി എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: അജോ ചെറിയാൻ, ജോമി ചെറിയാൻ (ഡെവൺ, യുകെ). പോർട്സ്മൗത്ത് സിറോ മലബാർ കത്തോലിക്ക മിഷന്റെ ഔർ ലേഡി ഓഫ് നേറ്റിവിറ്റി ഇടവകാംഗവും വി. മദർ തെരേസ കുടുംബ യൂണിറ്റ് അംഗവുമാണ്.
അനിലിന്റെ നിര്യാണത്തിൽ ഇടവക വികാരി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് അനുശോചനം അറിയിച്ചു. സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്തുവാനാണ് ബന്ധുക്കളുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല