
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം” ദാരുണമായ മൂന്ന് പേരുടെ കൊലപാതകത്തെ തുടർന്ന് യു കെയിലെ മലയാളി സമൂഹം ഞെട്ടിവിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന പിന്തിരിപ്പൻമാരെ യുകെ മലയാളികൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യു കെ മലയാളികൾ ഹൃദയത്തിലേറ്റിയ യുക്മയ്ക്ക് കാലാകാലങ്ങളിലായി
നേതൃത്വത്തിലെത്തുന്നവർ, അംഗ അസോസിയേഷൻ പ്രതിനിധികൾ തികച്ചും സുതാര്യമായി കക്ഷിരാഷ്ട്രീയ, ജാതി മത വിത്യാസമില്ലാതെ തിരഞ്ഞെടുക്കുന്നവരാണ്. നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾക്ക് ബാധ്യത യുകെയിലെ നല്ലവരായ മലയാളി സമൂഹത്തോട് മാത്രമേ ഉത്തരവാദിത്വം പറയേണ്ടതുള്ളൂ.
ആരാണ് ഇതുപോലുള്ള അവസരങ്ങളിൽ മുതലെടുപ്പ് നടത്തുന്നതെന്ന് സ്വയം വിമർശനം നടത്തുക എന്നേ അവരോട് ഞങ്ങൾക്ക് പറയാനുള്ളൂ. ആര് നല്ലത് ചെയ്താലും ഞങ്ങൾ സ്വാഗതം ചെയ്യും. മറ്റുള്ളവർ ഇടപെടുന്ന നല്ല കാര്യങ്ങളിൽ ഞങ്ങൾ ഇടങ്കോലിടാൻ വരാറുമില്ല. ഒരു കാര്യം ഇത്തരുണത്തിൽ ഓർമിപ്പിക്കുന്നു. ആരെങ്കിലും ഒന്ന് ആഞ്ഞ് ഊതിയാൽ തകരുന്ന ചീട്ടുകൊട്ടാരമല്ല യുക്മ. യു കെ മലയാളികളുടെ ഹൃദയവികാരങ്ങൾ ഉൾക്കൊള്ളുന്നതും കരുത്തുറ്റതുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് യുക്മ.
അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ ആരംഭിച്ച ഫണ്ട് ശേഖരണം മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു. വിമർശകരുടെ വായടപ്പിച്ചു കൊണ്ടാണ് നന്മകൾ നിറഞ്ഞ യു കെ മലയാളി സമൂഹം തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയത്. അവരുടെ നന്മകൾക്ക് മുന്നിൽ വിനയാന്വിതരാവുകയാവുകയാണ് യുക്മ.
കെറ്ററിംഗിൽ കൊല്ലപ്പെട്ട അഞ്ജുവിനും കുട്ടികൾക്കും കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ അവരുടെ നാട്ടിലെ ഭവനം സന്ദർശിച്ച യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യനോട് പിതാവ് അശോകൻ അഭ്യർത്ഥിച്ച പ്രകാരം യുക്മ കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ ആരംഭിച്ച ഫണ്ട് ശേഖരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യമായ 25000 പൗണ്ട് ശേഖരിക്കുകയും ഇന്നലെ തന്നെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കുമെന്ന് യുക്മ നേതൃത്വത്തെ അറിയിച്ചതിനാൽ ശേഖരിച്ച തുക അഞ്ജുവിൻ്റെ പാവപ്പെട്ട കുടുംബത്തിന് എത്രയും പെട്ടെന്ന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
യുകെ മലയാളികളുടെ സ്നേഹവും അനുകമ്പയും സഹജീവി സ്നേഹവും ഒന്ന്കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു മണിക്കൂറുകൾക്കുള്ളിൽ ലഭിച്ച പ്രതികരണം. ഇരുപത്തിയയ്യായിരം പൗണ്ട് ടാർജറ്റ് ചെയ്താണ് ചാരിറ്റി ആരംഭിച്ചത്. ഇന്നലെ തന്നെ ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചിരുന്നു.
വൈക്കം എം എൽ എ ശ്രീമതി. സി കെ ആശയോടൊന്നിച്ച് യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യു കെ മലയാളി ജഗദീഷ് നായർ എന്നിവർ അഞ്ജുവിന്റെ വൈക്കം കുലശേഖരമംഗലത്തെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കൻമാരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പിതാവ് അശോകൻ അഞ്ജുവിനെയും കുഞ്ഞുങ്ങളെയും അവസാനമായി കാണുവാനുള്ള സാഹചര്യം ഒരുക്കുവാൻ യുക്മ നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു.
നോർക്ക അധികാരികളുമായി നാട്ടിലുള്ള യുക്മ പ്രഡിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ബന്ധപ്പെടുകയും, യുകെയിൽ നിന്നും ഉള്ള എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
യുകെയിലെ ഇന്ത്യൻ എംബസിയുമായി യുക്മ ലെയ്സൺ ഓഫീസർ മനോജ് പിള്ള ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യർത്ഥിക്കുകയും ഹൈക്കമ്മീഷന്റെ പിന്തുണ ഉറപ്പ് വരുത്തിയിരുന്നു. യുക്മ നേതൃത്വവും, കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, അനീഷ് തോമസ്, മനോജ് മാത്യു, സിബു ജോസഫ്, സോബിൻ ജോൺ തുടങ്ങിയവർ കെറ്ററിംഗിൽ പോലീസ്, എൻ എച്ച് എസ് അധികാരികളുമായി ബന്ധപ്പെട്ട് ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ഉത്തരവാദിത്വം നിർവ്വഹിച്ചുവരുന്നു.
യുകെയിൽ അടുത്ത കാലത്ത് മരണമടഞ്ഞ സ്റ്റുഡൻ്റ് വിസയിലുള്ള യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യുക്മ ഇടപെട്ടില്ല എന്നതരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത ഒരു മാധ്യമം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നോർക്ക അധികാരികളുടെ അഭ്യർത്ഥന പ്രകാരം നാട്ടിലുള്ള യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മരണമടഞ്ഞ യുവാവിൻ്റെ കുടുംബത്തെ ബന്ധപ്പെടുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യുക്മ അംഗ അസോസിയേഷനല്ലാത്ത പ്രാദേശിക അസോസിയേഷൻ കുടുംബത്തെ ബന്ധപ്പെട്ട് ഇക്കാര്യങ്ങൾക്ക് കുടുംബത്തിൻ്റെ അനുമതി വാങ്ങിയിരുന്നതിനാലും അവർ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യം ഉത്തരവാദിത്വത്തോടെ ചെയ്തിരുന്നതിനാലു മാണ് യുക്മ ഇക്കാര്യത്തിന് മുൻകൈ എടുക്കാതിരുന്നത് എന്ന കാര്യം കൂടി യു കെ മലയാളികളെ ധരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല