1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2023

സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റത്തിന് കര്‍ശനമായി നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും കെയര്‍ വീസയിൽ എത്തുന്നവർക്ക് ഒപ്പം കൊണ്ടു വരാൻ കഴിയുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കും. ആശ്രിതരുടെ എണ്ണം കടുത്ത തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനുളള വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ ഉടനെ പ്രാവര്‍ത്തികമാക്കാനുളള നടപടികള്‍ സർക്കാർ ഉടനെ നടപ്പിലാക്കിയേക്കും.

ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാക്കിയെന്നാണ് എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്രിതരെ യുകെയിലേക്ക് കൊണ്ടു വരുന്നത് പൂര്‍ണമായി നിരോധിക്കാനോ അല്ലെങ്കില്‍ ഒരാളെ മാത്രം കൊണ്ടു വരാൻ കഴിയുന്ന വിധത്തിൽ ആശ്രിത വീസകളുടെ എണ്ണം കുറയ്ക്കാനോ ആണ് ഇമിഗ്രേഷന്‍ സെക്രട്ടറി റോബര്‍ട്ട് ജെന്‍ റിക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

കുടിയേറ്റ നിയന്ത്രണത്തോടുള്ള തന്റെ മനോഭാവം ഒരു ബ്രിട്ടിഷ് ദേശീയ റേഡിയോയുടെ പ്രോഗ്രാമിലൂടെ സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയിട്ടുണ്ട്. അതായത് രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള ഏത് നടപടികളെയും തീര്‍ത്തും അനുകൂലിക്കുന്നുവെന്നാണ് സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം നടപടികള്‍ ഇനിയും വച്ച് താമസിപ്പിക്കാന്‍ പാടില്ലെന്നും സത്വരം നടപ്പിലാക്കണമെന്നുമാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ഋഷി സുനക് സര്‍ക്കാര്‍ കുടിയേറ്റത്തിന് കടിഞ്ഞാണിടുന്നതിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി വരുന്നുവെന്നാണ് സ്റ്റീവ് ബാർക്ലേ വെളിപ്പെടുത്തുന്നത്.

ഇതിനുള്ള ഉദാഹരണമായി യുകെയിലെ വിദേശ വിദ്യാർഥികൾ ആശ്രിതരെ ഒപ്പം കൊണ്ടു വരുന്നത് നിരോധിച്ച നടപടി സ്റ്റീവ് ബാർക്ലേ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നീക്കം നടപ്പിലായാൽ യുകെയിൽ കെയർ വീസയിൽ അടുത്ത കാലത്ത് എത്തിയവർക്കും ഇനി വരാൻ കാത്തിരുന്നവർക്കും കടുത്ത തിരിച്ചടി ആകും. ഇതിനിടയിൽ യുകെയിൽ ആശ്രിത വീസ നിയന്ത്രണം വരും മുൻപ് ഏത് വിധേനയും കെയർ വീസ സംഘടിപ്പിച്ച് എത്താൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.