സ്വന്തം ലേഖകന്‍: യുകെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത ആക്രമണ പരമ്പരാ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ബ്രിട്ടനിലെ നാലു വ്യത്യസ്ത സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ പദ്ധതിയാണ് തകര്‍ത്തെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.എസ് അനുഭാവികളായ രണ്ട് വിദേശ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തില്‍നിന്നാണ് ഏജന്‍സികള്‍ക്ക് ആക്രമണ പദ്ധതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചത്.
കഴിഞ്ഞ നവംബറിലാണ് വ്യത്യസ്ത വിമാനങ്ങളിലെ കോക്പിറ്റിലിരിക്കെ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത്. കോഡ് ഭാഷ ഉപയോഗിച്ച് നടത്തിയ സംഭാഷണത്തില്‍ ലണ്ടന്‍, ബാത്ത്, ബ്രിഗ്റ്റണ്, ഇപ്സ്വിച്ച് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചാണ് ഇരുവരും പരാമര്‍ശിച്ചതെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. സുരക്ഷാ മുന്നറിയിപ്പ് കൈമാറിയതോടെ ആക്രമണ സാധ്യതയുള്ള നാല് നഗരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു. ഓപ്പറേഷന് ടെംപ്ലര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ 10,000 സൈനികരും ആയിരക്കണക്കിന് പോലീസുകാരും പങ്കാളികളായി.
കോക്പിറ്റിലെ സംവിധാനംവഴിയുള്ള സംഭാഷണം മറ്റ് ഉപകരണങ്ങളേക്കാള്‍ സുരക്ഷിതമായതിനാലാണ് പൈലറ്റുമാര്‍ ഈ വഴി തെരഞ്ഞെടുത്തതെന്ന് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അപകടമുണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന ‘മെയ്ഡെ’ എന്ന കോഡ് വിമാനങ്ങള്‍ക്ക് ഏത് മേഖലയിലും പ്രവേശിക്കാനുള്ള അവസരം ലഭ്യമാക്കുമെന്നത് ഉപയോഗപ്പെടുത്താനാണ് പൈലറ്റുമാര്‍ പദ്ധതിയിട്ടിരുന്നത്. കെമിക്കല്‍ ആയുധങ്ങളോ മറ്റ് സ്ഫോടക വസ്തുക്കളോ ഇവര്‍ ഒപ്പം കൂട്ടാനും തയ്യാറെടുത്തിരുന്നു. സംഭാഷണത്തില്‍നിന്നും ഏതോ യൂറോപ്യന്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല