1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2023

സ്വന്തം ലേഖകൻ: വിദേശത്ത് തൊഴില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി രണ്ട് കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ഏജന്റ് മുഖാന്തിരം നടത്തിയ തട്ടിപ്പില്‍ 56 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് എത്തുക ആയിരുന്നു.

യു കെ, സിംഗപൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് വീസയുണ്ടെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഡിജിറ്റല്‍ മാര്‍ക്കെറ്റിങ് സൈറ്റ് വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍കുമാറിനെ കരുവാക്കിയാണ് തട്ടിപ്പ് നടത്തിയത്.

പ്രതികളുടെ ഉറപ്പിന്മേല്‍ 56 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിക്കൊടുത്തത് ബിനില്‍ കുമാറായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ബിനില്‍കുമാര്‍ പരാതി നല്‍കുകയും നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉദ്യോഗാര്‍ത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികള്‍, ബിനില്‍കുമാര്‍ മുഖാന്തിരം പണം കൈവശപ്പെടുത്തിയ ശേഷം രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

അതിനിടെ വ്യാജ വീസ നല്‍കി കബളിപ്പിക്കാനും പ്രതികള്‍ ശ്രമം നടത്തി. പണം വാങ്ങിയിട്ടും വീസ ലഭിക്കാതിരുന്നതോടെ ആളുകള്‍ പരാതിയുമായി ബിനില്‍ കുമാറിന്റെ അടുത്തെത്തി. നിരവധി പേര്‍ എത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ ചിഞ്ചുവിനെയും അനീഷിനെയും ബന്ധപ്പെട്ടു. ഉദ്യോഗാര്‍ത്ഥികള്‍ ബഹളം വെക്കുന്നുവെന്ന് ബിനില്‍കുമാര്‍ പറഞ്ഞപ്പോള്‍ ഇവര്‍ മുപ്പതു പേര്‍ക്കുള്ള വീസ വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. വിമാന ടിക്കറ്റും ഒപ്പം നല്‍കി.

എന്നാല്‍ ഇത് പരിശോധിച്ചപ്പോഴാണ് രണ്ടും വ്യാജമായി ഉണ്ടാക്കിയതാണെന്ന ബോധ്യമായത്. ഇതോടെയാണ് ബിനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് കൊച്ചിയിലെ പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികളുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും വിവിധ തരത്തിലുള്ള സീലുകളും കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡല്‍ഹിയിലുള്ള റിക്രൂട്ട് മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയം ഉപയോഗിച്ചാണ് തട്ടിപ്പിന് ഇറങ്ങിയതെന്ന് ചിഞ്ചു പൊലീസിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.