സ്വന്തം ലേഖകൻ: ശമ്പള വർധന നൽകി പണിമുടക്കുകൾ ഒത്തുതീർക്കേണ്ടന്ന നിലപാട് സർക്കാർ കൈക്കൊണ്ടതോടെ, നാളെ മുതൽ ഇംഗ്ലണ്ടിലെ പ്രധാന വിമാനത്താവളങ്ങളിലും പോർട്ടുകളിലും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ പണിമുടക്ക് ഉണ്ടാകുമെന്ന് ഉറപ്പായി. ജീവനക്കാരുടെ ആസൂത്രിതമായ പണിമുടക്ക് കാരണം ക്രിസ്മസിന് എയർലൈൻ, തുറമുഖ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ആയിരത്തോളം ബോർഡർ ഫോഴ്സ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നുവെങ്കിലും എല്ലാ വിമാനത്താവളങ്ങളും തുറമുഖങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സ്റ്റീവ് ഡാൻ പറഞ്ഞു. ഡിസംബർ 23-26, 28-31 തീയതികളിലാണ് വിമാനത്താവള ജീവനക്കാർ പണിമുടക്കുന്നത്, യുകെയിൽ നിന്ന് വിദേശ ജ്യങ്ങളിലേക്ക് പുറപ്പെടുന്നവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാരുടെ വരവിനെയാകും സമരം കൂടുതൽ ബാധിക്കുക.
ഹീത്രൂ, ഗാറ്റ്വിക്ക്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ, ബിർമിങാം, കാർഡിഫ് വിമാനത്താവളങ്ങളെ പണിമുടക്ക് കാര്യമായി ബാധിക്കും. ന്യൂഹാവൻ തുറമുഖത്തെ ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്ന എല്ലാ ജീവനക്കാരും പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസ് യൂണിയൻ (പിസിഎസ്) അംഗങ്ങളാണ്. 2% ശമ്പള വർധന നൽകാൻ സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്.
ബോർഡർ ഫോഴ്സ് ജീവനക്കാർ പണിമുടക്ക് നടത്തുമ്പോൾ പാസ്പോർട്ട് പരിശോധിക്കാൻ സൈനിക ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ഹോം ഓഫിസ് വോളന്റിയർമാർ എന്നിവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എന്നാൽ പകരം വരുന്ന ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിയിട്ടില്ലെന്ന് പിസിഎസ് യൂണിയൻ ആരോപിച്ചു.
നിലവിലെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിചെയ്യാൻ അഞ്ചാഴ്ചത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ താത്കാലിക ജോലിക്കാരിൽ പലർക്കും ഒരാഴ്ചത്തെ പരിശീലനം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും യൂണിയൻ പറഞ്ഞു. നാഷനൽ ക്രൈം ഏജൻസിയിൽ നിന്നുള്ള സിവിൽ സർവീസുകാർക്ക് ഒരു ദിവസത്തെ പരിശീലനത്തോടെ അവസാന നിമിഷത്തിൽ വിമാനത്താവളങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതായും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല